കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും കാരണം ഉദ്യോഗസ്ഥരും പൊതുജനങ്ങളും നേരിടുന്ന ദുരിതങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇടുങ്ങി ഞെരുങ്ങിയ വാടക കെട്ടിടത്തിന് പകരം സ്വന്തം കെട്ടിടം എത്രയും വേഗം നിർമ്മിക്കണമെന്നാണ് പ്രധാന ആവശ്യം.
വിസ്തൃതമായ അധികാര പരിധിയുള്ള സ്റ്റേഷനിൽ ആകെ രണ്ട് ജീപ്പേയുള്ളു. സ്റ്റേഷൻ പരിധിയിൽ സംഘർഷങ്ങൾ പതിവാണ്. സംഘർഷ സ്ഥലങ്ങളിൽ എത്തിപ്പെട്ടാലും നിയന്ത്രിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ രണ്ട് ജീപ്പിൽ എത്തിക്കാൻ കഴിയില്ല.
സ്റ്റേഷൻ പരിധിയിൽ
 ഏഴ് സുനാമി ഫ്ലാറ്റുകൾ
 32 സ്കൂളുകൾ
 നാല് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ
 എട്ട് പൊതുമഖലാ ബാങ്ക് ബ്രാഞ്ചുകൾ
 നിരവധി സഹകരണ ബാങ്കുകൾ
 രണ്ട് ബാറുകൾ
 രണ്ട് ബിവറേജസ് ഔട്ട്ലെറ്റുകൾ
3 കോടി അനുവദിക്കാൻ തത്വത്തിൽ
ധാരണ: എം.നൗഷാദ് എം.എൽ.എ
ഇരവിപുരം പൊലീസ് സ്റ്റേഷനായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാൻ മൂന്ന് കോടി രൂപ അനുവദിക്കാൻ തത്വത്തിൽ ധാരണയായതായി എം.നൗഷാദ് എം.എൽ.എ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് താൻ നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വൈകാതെ ഉത്തരവിറങ്ങും. സ്ഥലം കണ്ടെത്തി വാങ്ങുകയെന്ന കടമ്പ കൂടി പെട്ടെന്ന് കടക്കാനാകണമെന്നും എം.എൽ.എ പറഞ്ഞു.
ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കാൻ എത്രയും വേഗം സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടം നിർമ്മിക്കണം. ജോലിഭാരം കുറയ്ക്കാൻ കൂടുതൽ തസ്തികകൾ അനുവദിക്കണം. അധികാര പരിധിയുടെ അമിത വിസ്തൃതി പരിഹരിക്കാൻ പള്ളിമുക്കോ അയത്തിലോ കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷൻ രൂപീകരിക്കണം.
ജിജു.സി. നായർ, ജില്ലാ സെക്രട്ടറി
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
പരിമിതികൾക്കും പ്രതിസന്ധികൾക്കും ഇടയിലും ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രമസമാധാനപാലനത്തിൽ ആത്മാർത്ഥമായ പ്രവർത്തനമാണ് നടത്തുന്നത്. അമിത ജോലഭാരവും മാനസിക സമ്മർദ്ദവും കുറയ്ക്കാൻ കുടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണം. റെയിൽവേ ഗേറ്റുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ സ്റ്റേഷൻ പരിധി വിഭജിക്കണം. രണ്ട് ജീപ്പുകൾ കൂടി അനുവദിക്കണം.
ഇരവിപുരം സജീവൻ,
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ
തൊട്ടടുത്ത് താമസിക്കുന്നതിനാൽ ഇരവിപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദുരിതങ്ങൾ പതിവായി കാണുന്നതാണ്. പൊലീസുകാർക്ക് നിന്നുതിരിയാൻ പോലും സ്ഥലമില്ല. പരാതിയുമായി എത്തുന്നവരുടെ അവസ്ഥയും സമാനമാണ്. സ്റ്റേഷന് പുതിയ കെട്ടിടം എത്രയും വേഗം നിർമ്മിക്കണം. ''
ഹരി ശിവരാമൻ,
ഡ്രൈവിംഗ് സ്കൂൾ ഉടമ