dd

കണ്ണിൽ കനവാക നീ, കലയാതടീ... മറയാമലേ....- ഈ വരികൾ മൂളാത്തവർ ഇപ്പോൾ കുറവായിരിക്കും! യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻനിരയിൽ,​ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ 'നെഞ്ചിൻ എഴുത്ത്" എന്ന തമിഴ് മ്യൂസിക്കൽ ആൽബത്തിലെ സൂപ്പർഹിറ്റ് ഗാനത്തിനു പിന്നിൽ കൊല്ലത്തെ 'പിള്ളേർ സെറ്റ്" ആണെന്ന് അധികമാർക്കും അറിയില്ല. ഇൻസ്റ്റഗ്രാം റീലുകളുടെ പശ്ചാത്തല ഗാനമായി നിറഞ്ഞു നിൽക്കുന്ന 'കണ്ണിൽ കനവാക നീ..." എന്ന പാട്ടിനു പിന്നിലെ രസകരമായ കഥകൾ പറയാനുണ്ട്,​ അതിനു ജീവൻ നല്കിയ അഭിലാഷ് ബ്രിട്ടോയ്ക്കും ആദർശ് കൃഷ്ണനും ജി. വിദ്യാലക്ഷ്മിക്കും.

തമിഴ് പാട്ടാണെങ്കിലും വരികൾ എഴുതിയത് മലയാളിയായ അഭിലാഷ് ബ്രിട്ടോയാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ആദർശ് കൃഷ്ണണനും പാടിയത് ജി.വിദ്യാലക്ഷ്മിയും. മൂവരും സുഹൃത്തുക്കൾ. ഒരു ദിവസം അമ്മയ്‌ക്കൊപ്പം ബൈക്കിൽ പോകുമ്പോഴാണ് പാട്ടിന്റെ ഇടയിലുള്ള ഒരു ഈണം ആദർശിന്റെ മനസിലേക്ക് ആദ്യം കയറിവന്നത്. അതു മാഞ്ഞുപോകും മുമ്പേ മൊബൈലിൽ റെക്കാർഡ് ചെയ്തു. പിന്നീട് അതിൽ വർക്ക് ചെയ്ത് ഇന്നുകേൾക്കുന്ന രൂപത്തിലാക്കി. ഈണമായതോടെ അഭിലാഷിന് അയച്ചുകൊടുത്ത് വരികൾ എഴുതിനോക്കാൻ പറഞ്ഞു.

'തമിഴ് പാട്ടോ..." എന്ന് ആദ്യം മടിച്ചെങ്കിലും,​ ആദർശ് നൽകിയ ആത്മവിശ്വസത്തിൽ അഭിലാഷ് വരികളെഴുതി. തമിഴ് ബന്ധമൊന്നുമില്ലാത്ത അഭിലാഷ് സിനിമ കണ്ടും പാട്ടുകൾ കേട്ടുമാണ് തമിഴ് പഠിക്കുന്നത്. വരികൾ ഇഷ്ടപ്പെട്ടതോടെ ആരു പാടുമെന്നായി ആലോചന. ആദർശിന്റെ സുഹൃത്ത് വിദ്യയ്ക്ക് വരിയും ഈണവും അയച്ചുകൊടുത്തു. കൊവിഡ് ബാധിച്ച് ശ്വാസത്തിന്റെ ബുദ്ധിമുട്ടുകളിലായിരുന്നു അന്ന് വിദ്യ. പാടുമ്പോൾ ശബ്ദം മുറിഞ്ഞു. ശ്വാസം കിട്ടാതെയായി. പിന്മാറാമെന്ന് പലവട്ടം മനസ് പറഞ്ഞെങ്കിലും,​ ആദർശിന് തന്നിലുള്ള വിശ്വാസം ആ പാട്ടു പാടാൻ വിദ്യയെ നിർബന്ധിക്കുകയായിരുന്നു. വരികൾ കിട്ടി രണ്ടുദിവസത്തിനകം ട്രാക്ക് പാടി അയച്ചു. വൈകാതെ ആദർശിന്റെ സ്വന്തം യൂട്യൂബ് ചാനലിൽ പാട്ട് അപ്‌ലോഡ് ചെയ്തു. പിന്നെ സംഭവിച്ചത് ചരിത്രമാണെന്ന് ചിരിയോടെ പറയുന്നു,​ മൂവരും.

2022-ലാണ് 'കണ്ണിൽ കനവാക നീ" എന്ന പാട്ട് പുറത്തിറങ്ങുന്നത്. 'ആദർശ് കൃഷ്ണൻ എൻ" എന്ന യൂട്യൂബ് ചാനലിലൂടെ പാട്ട് ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടു. ക്ഷേത്രങ്ങളുടെ റീലുകളിലും വിവാഹ വീഡിയോകളിലും മറ്റും പാട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിയെപ്പതിയെ കാഴ്ചക്കാരുടെ എണ്ണം കൂടി. പത്തു ലക്ഷം വ്യൂസ് കിട്ടിയപ്പോൾ കഴിഞ്ഞ ജനുവരിയിൽ sonymusic.com എന്ന പേരിൽ അപ്രതീക്ഷിതമായി ഒരു മെയിൽ സന്ദേശം ആദർശിനെ തേടിയെത്തി. സത്യമാണെന്ന് വിശ്വസിക്കാൻ കുറച്ചുസമയം വേണ്ടിവന്നു!

രണ്ടും കല്പിച്ച് മറുപടി കൊടുത്തു. ഫെബ്രുവരിയിൽ പ്രമുഖ സംഗീത കമ്പനിയായ 'സോണി"യുമായി കരാറിലെത്തി. വീഡിയോ രൂപത്തിലായിരിക്കും പാട്ട് പുറത്തിറക്കുകയെന്ന് 'സോണി" അറിച്ചതുകൊണ്ട് തന്റെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. വൈകാതെ ഒരു കലാകാരിയുടെ അതിജീവനത്തിന്റെ കഥയായി ആ വീഡിയോ 'സോണി"യുടെ യൂട്യൂബിൽ എത്തി. തങ്ങൾ ആരാധിക്കുന്നവരുടെ പാട്ടുകൾ കേൾക്കുന്ന പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ പാട്ട് ലോകം കേൾക്കുന്നതിന്റെ ത്രില്ലിലാണ് മൂവർസംഘം.

'ഹിപ്ഹോപ് തമിഴ"

വഴികാട്ടി

എ.ആർ. റഹ്മാൻ, അനിരുദ്ധ് തുടങ്ങിയവരെയെല്ലാം ഇഷ്ടമാണെങ്കിലും 'ഹിപ്ഹോപ് തമിഴ" എന്ന തമിഴ് മ്യൂസിക് ബാൻഡ് ആണ് സംഗീതവഴിയിലെ പ്രചോദനം. അവരുടെ വീഡിയോകൾ കണ്ടാണ് പാട്ട് ചിട്ടപ്പെടുത്തണമെന്ന മോഹമുദിച്ചത്. ആദ്യം വരികളില്ലാതെ മ്യൂസിക് മാത്രമുള്ള ഇ.ഡി.എം പാട്ടുകളാണ് ചെയ്തത്. പിന്നീട് വരികളുള്ള പാട്ടുകൾ ചെയ്തു തുടങ്ങി. 2018 മുതൽ ആദർശും അഭിലാഷും ട്രാക്കുകൾ ചെയ്തു തുടങ്ങി. എൻ ഇറവെ, മെതുവാക- റീബർത്ത്, പോർമുഖം, വൈരി തുടങ്ങി നിരവധി ഗാനങ്ങൾ ഇവരിലൂടെ പിറവിയെടുത്തു.

ചെറുപ്പം മുതൽ കൂട്ടുകാരാണെങ്കിലും ആദർശ് ചിട്ടപ്പെടുത്തിയ ഗാനം ആദ്യമായാണ് വിദ്യ പാടുന്നത്. ആദർശിന്റെ പിന്തുണയാണ് 'കണ്ണിൽ കനവാക നീ" എന്ന ഗാനത്തിന് തന്റെ ശബ്ദം എത്താൻ കാരണമെന്ന് വിദ്യ പറയുന്നു. ചെറുപ്പം മുതൽ കർണാടക സംഗീതം അഭ്യസിക്കുന്നുണ്ട്. സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൊല്ലം വി. സജികുമാറാണ് അദ്ധ്യാപകൻ.

തമിഴ് പാട്ടിനു

പിന്നിൽ

മലയാളം ഇഷ്ടമല്ലാത്തതുകൊണ്ടല്ല തമിഴ് തിരഞ്ഞെടുത്തത് എന്നാണ് അഭിലാഷ് പറയുന്നത്. തമിഴ് ഭാഷയിലെ ഗാനങ്ങളോട് മലയാളികൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹമുണ്ട്. തമിഴിലിലായാൽ ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവർക്കും പാട്ട് ഇഷ്ടപ്പെടാൻ സാദ്ധ്യത കൂടുതലാണ്. അങ്ങനെ പ്ലാൻ ചെയ്താണ് ഇരുവരും പാട്ട് തമിഴിലേക്ക് ചിട്ടപ്പെടുത്തിയത്. കൊല്ലം രാമൻകുളങ്ങര സെന്റ് മേരീസ് സ്കൂളിൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ആദർശും അഭിലാഷും കൂട്ടുകാരാകുന്നത്. സിനിമയുടെയും സംഗീതത്തിന്റെയും ലോകം സ്വപ്നം കണ്ട ഒരുകൂട്ടം വിദ്യാർത്ഥികളുടെ സംഘമായിരുന്നു ആദർശിന്റെയും അഭിലാഷിന്റെയും. ഹെവിൻ, റിച്ചിൻ സുരേഷ്, പ്രബിൻ, താസിഫ് , അമൃത, ജോബിൻ എന്നിവരായിരുന്നു 'കല ഗ്യാങി"ലെ മറ്റുള്ളവർ. ഇടയ്ക്ക് സ്കൂൾ മാറിയെങ്കിലും സൗഹൃദം തുടർന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ കംപോസിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഒരു രസത്തിനാണ് ആദർശ് കംപോസിംഗ് തുടങ്ങിയത്. യൂട്യൂബിനെ ഗുരുവാക്കി മിക്‌സിംഗും മാസ്റ്ററിംഗും പഠിച്ചു. വീട്ടിലെ സ്വന്തം മുറി സ്റ്റുഡിയോ ആക്കി.

പിന്തുണയായി

വീട്ടുകാർ

കൊല്ലം സ്വദേശികളായ മൂവരുടെയും വിജയങ്ങൾക്കു പിന്നിൽ കുടുംബം നൽക്കുന്ന പിന്തുണ വലുതാണ്. തലമുറകൾക്കു മുൻപ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയതാണ് ആദർശിന്റെ കുടുംബം. പ്രശസ്ത വയലിനിസ്റ്റ് കളർകോട് കൃഷ്ണസ്വാമിയുടെ കൊച്ചുമകനും സംഗീതജ്ഞനും വയലിനിസ്റ്റുമായ കളർകോട് നാരായണസ്വാമിയുടെയും ഉഷ നാരായണസ്വാമിയുടെയും മകനാണ് രാമൻകുളങ്ങര സ്വദേശിയായ ആദർശ്. സഹോദരി കൃഷ്ണപ്രിയ.സഹോദരീ ഭർത്താവ് അരുൺ കൃഷ്ണ. വയലിനും ശാസ്ത്രീയ സംഗീതവും സോപാനസംഗീതവും അഭ്യസിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ സോപാനം അവതരിപ്പിക്കാറുമുണ്ട്. ചിറ്റപ്പനായ കളർകോട് രാമചന്ദ്രനാണ് വയലിനിൽ ഗുരു. എം.എസ്.സി ഫിസിക്‌സ് ബിരുദധാരിയായ ആദർശ് ' മണ്ണ്" എന്ന ഡോക്യുമെന്ററിക്ക് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ച ചിത്രമായിരുന്നു ഇത്.

കൃഷ്ണനും ഗീതയുമാണ് ആനന്ദവല്ലീശ്വരം സ്വദേശിനി വിദ്യാലക്ഷ്മിയുടെ മാതാപിതാക്കൾ. ശ്രീപാർവതിയാണ് സഹോദരി. അയ്യർ സാറെന്ന് അറിയപ്പെടുന്ന ഇംഗ്ലീഷ് അദ്ധ്യാപകനായ രംഗനാഥയ്യരുടെ കൊച്ചുമകളാണ് ബിരുദധാരിയായ വിദ്യ. ബിട്ടോ പീറ്ററും ആഗ്നസ് ബ്രിട്ടോയുമാണ് അഭിലാഷ് ബ്രിട്ടോയുടെ മാതാപിതാക്കൾ. ആൻമരിയ ബ്രിട്ടോ സഹോദരി. വീട് ശക്തികുളങ്ങരയിൽ. പുതിയ പാട്ടും വിശേഷങ്ങളുമായി യാത്ര തുടരുകയാണ് ഈ മൂവർ സംഘം,​