sasidharan

ഓച്ചിറ: ഓച്ചിറയുടെ കർമ്മഭൂമികയിൽ തന്റെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അനിയൻസ് എന്ന് അറിയപ്പെട്ടിരുന്ന എസ്.ശശിധരൻ (79). വ്യാപാര, വാണിജ്യ, സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നു. ആറ് പതിറ്റാണ്ട് അദ്ദേഹം ഓച്ചിറയിലെ വ്യാപാരരംഗത്തും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലയിലും തിളങ്ങിനിന്നു. അനിയൻസ് മെറ്റൽസ്, അനിയൻസ് ഹോസ്പിറ്റൽ എന്നിവയുടെ സ്ഥാപകനായിരുന്നു. തികഞ്ഞ ഗാന്ധിയനും അതിലുപരി ശ്രീനാരായണ ഭക്തനുമായിരുന്നു അദ്ദേഹം. നിരവധി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്ഥലം വിട്ടുനൽകി. കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യോഗം യൂണിയന് വൃദ്ധസദനം നിർമ്മിക്കുന്നതിന് 110 സെന്റ് സ്ഥലവും മേമന ശാഖയ്ക്ക് ആസ്ഥാന മന്ദിരത്തിന് സ്ഥലം നൽകിയതും അദ്ദേഹമാണ്. രണ്ട് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനും അദ്ദേഹം സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. വ്യാപാര മേഖലയിൽ ചരിത്രം സൃഷ്ടിച്ച അദ്ദേഹം തന്റെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും പോരാട്ടങ്ങളും തന്റെ ആത്മകഥയിൽ വിവരിക്കുന്നു. സംഭവ ബഹുലമായ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന 'വെങ്കല ഇടിമുഴക്കം' എന്ന ആത്മകഥ അദ്ദേഹത്തിന്റെ ജീവിതവും വെങ്കലപാത്ര വ്യവസായത്തിലെ ഉയർച്ച താഴ്ചകളും കോർത്തിണക്കിയതാണ്.