കൊല്ലം: കൊല്ലം കോർപ്പറേഷൻ വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം 18ന് രാവിലെ 10ന് കോർപ്പറേഷൻ അങ്കണത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ പക്കലുള്ള വിവരങ്ങൾ പ്രകാരം കോർപ്പറേഷൻ പരിധിയിൽ 7300 വളർത്തുനായ്ക്കളുണ്ട്. കോർപ്പറേഷന്റെ ലൈസൻസ് ഒരു മാസത്തിനകം ലഭ്യമാക്കാൻ ഉടമകൾ അപേക്ഷ സമർപ്പിക്കണം. കെ-സ്മാർട്ട് ആപ്ലിക്കേഷനിൽ (https:ksmart.lsgkerala.gov.in) സിറ്റിസൺ ലോഗിൻ ചെയ്‌ത് മറ്റുള്ളവ എന്ന ഓപ്ഷനിൽ ബിസിനസ് ഫെസിലിറ്റേഷൻ എന്നതിൽ നിന്ന് ഡോഗ് ലൈസൻസ് തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കാം. നായ്ക്കളുടെ പേവിഷ വിവരങ്ങൾ, പ്രതിരോധ കുത്തിവയ്പ് എന്നിവ രേഖപ്പെടുത്തിയ വാക്‌സിനേഷൻ കാർഡ്, ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നവർ പഴയ ലൈസൻസ് കാർഡ് കോപ്പി എന്നിവ കൂടി അപേക്ഷയിൽ ഉൾപ്പെടുത്തണം.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായ ശേഷം ഉടമസ്ഥരുടെ ഫോൺ നമ്പരിൽ ലഭിക്കുന്ന ഡിമാൻഡ് നമ്പർ ഉപയോഗിച്ച് കെ-സ്‌മാർട്ടിലെ Demand quick pay option മുഖേന ലൈസൻസ് ഫീസ് അടയ്ക്കാം. ഫീസ് അടച്ച രസീതുമായി അതത് മേഖലയിലെ മൃഗാശുപത്രിയിൽ നായയെ എത്തിച്ച് മൈക്രോചിപ്പ് ഘടിപ്പിക്കണം. വാക്‌സിൻ കാലാവധി കഴിഞ്ഞതാണെങ്കിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകണം. തുടർന്ന് മൈക്രോചിപ്പ് ഘടിപ്പിച്ച രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് ലൈസൻസ് കാർഡ് നൽകും.
എല്ലാ വിവരങ്ങളും അറിയാനാവും
മൈക്രോചിപ്പ് നമ്പർ ഡാറ്റാ ബേസിൽ ഉൾപ്പെടുത്തുന്നതിലൂടെ വളർത്തുനായ്ക്കളുടെ വിവരങ്ങൾ, ഉടമസ്ഥത എന്നിവ തിരിച്ചറിയാനാവും. കൂടാതെ യഥാസമയം പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിലൂടെ പേവിഷ നിയന്ത്രണം സാദ്ധ്യമാവും. നായ ചത്താലോ മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്താലോ വിവരം കോർപ്പറേഷനിൽ അറിയിച്ച് ലൈസൻസ് റദ്ദാക്കണം. കോർപ്പറേഷന്റെ ലൈസൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കിൽ നിയമനടപടി ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു.