പുത്തൂർ : കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠയുടെ ഭാഗമായ കൊടിമര തൈലാധിവാസം നടന്നു. തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെയും മേൽശാന്തി തുളസീദാസ് പോറ്റിയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. വിശേഷാൽ പൂജകൾക്ക് ശേഷം തൈലം കലശക്കുടങ്ങളിൽ നിറച്ചു. ക്ഷേത്രപ്രദക്ഷിണം നടത്തി തന്ത്രി എണ്ണത്തോണിയിലേക്ക് ആദ്യം തൈലം പകർന്നു. തുടർന്ന് ഭക്തജനങ്ങളും തൈലം സമർപ്പിച്ചു. 1200 ലിറ്ററിലധികം ശുദ്ധമായ എള്ളെണ്ണയിൽ 41 ഔഷധക്കൂട്ടുകൾ ചേർത്ത് പ്രത്യേക രീതിയിലാണ് തൈലം സജ്ജമാക്കിയത്. തൊടുപുഴ അരവിന്ദാക്ഷന്റെ കാർമ്മികത്വത്തിലായിരുന്നു ഔഷധക്കൂട്ടൊരുക്കൽ. കൊടിമര ശിൽപി സുരേഷിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. ആറുമാസത്തിലധികം സമയമാണ് കൊടിമരം തൈലാധിവസത്തിൽ കിടക്കുന്നത്. ഈ സമയത്ത് ഭക്തർക്ക് തൈലം വഴിപാടായി സമർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.