കൊല്ലം: ഇടത് സർക്കാർ സിവിൽ സർവീസിന്റെ ചരമഗീതം രചിക്കുകയാണെന്നും സാധാരണ സർക്കാർ ജീവനക്കാരന് നിലവിലെ വേതന വ്യവസ്ഥയിൽ ജീവിതം ദുഷ്കരമായിരിക്കുകയാണെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ പറഞ്ഞു. കൊല്ലത്ത് നടന്ന കെ.ജി.ഒ.യു ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരന് 22 ശതമാനം ഡി.എ കുടിശ്ശിക, ലീവ് സറണ്ടർ, 2019 ലെ ശമ്പള പരിഷ്കരണ കുടിശ്ശിക, 2024 ജൂലായ് 1ന് നടപ്പാക്കേണ്ട 12-ാം ശമ്പള പരിഷ്കരണം, എച്ച്.ബി.എ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ രാഷ്ട്രീയ ഭേദമന്യേ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർകുട്ടി, സംസ്ഥാന സെക്രട്ടറി ആർ.വിനോദ്‌കുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം.ഫിറോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷനായി.ജില്ലാ ട്രഷററായി ജി.ബിജിമോനെയും ജോ. സെക്രട്ടറിയായി എം.വിജയനെയും കൊട്ടാരക്കര താലൂക്ക് പ്രസിഡന്റായി ആർ.അനിലിനെയും കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റായി ഹസൻ പെരുങ്കുഴിയെയും തിരഞ്ഞെടുത്തു.