esi
എഴുകോൺ ഇ.എസ്.ഐ ആശുപത്രി

എഴുകോൺ: ഇ.എസ്.ഐ ആശുപത്രിയിൽ ഡെന്റൽ കോളേജും പാരാമെഡിക്കൽ കോഴ്സുകളും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇ.എസ്.ഐ കോർപ്പറേഷന്റെ മെഡിക്കൽ വിദ്യാഭ്യാസ നയത്തിൽ മാറ്റം വന്നതാണ് പ്രതീക്ഷ നൽകുന്നത്. പത്ത് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഇ.എസ്.ഐ ബോർഡ് യോഗം തീരുമാനിച്ചിരുന്നു.

ഡെന്റൽ കോളേജ് തുടങ്ങാനാണ് 2010 ഏപ്രിൽ 20ന് കേന്ദ്ര ഇ.എസ്.ഐ കോർപ്പറേഷൻ സംസ്ഥാന സർക്കാരിൽ നിന്ന് ഇ.എസ്.ഐ ആശുപത്രി ഏറ്റെടുത്തത്. പാരാ മെഡിക്കൽ കോഴ്സുകൾ ആരംഭിച്ചെങ്കിലും ഒരു ബാച്ചിന് മാത്രമാണ് അവസരം ലഭിച്ചത്. കേന്ദ്ര നയം മാറ്റത്തെ തുടർന്നാണ് കോഴ്സുകൾ അവസാനിപ്പിച്ചത്.

നിലവിലെ സൗകര്യങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് പര്യാപ്തമാണെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. അനുബന്ധമായി നഴ്സിംഗ് കോളേജടക്കം സ്ഥാപിക്കാനാകും. മൂന്ന് ബ്ലോക്കുകളിലായാണ് പ്രവർത്തനം. 160 കിടക്കകളോടെയാണ് തുടങ്ങിയത്. നിലവിൽ 150 കിടക്കകളുണ്ട്. ആശ്രാമം ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയാക്കിയപ്പോൾ പത്ത് കിടക്കകൾ ഇങ്ങോട്ടേക്ക് മാറ്റി.

ഓർത്തോ, ഗൈനക്ക്, ജനറൽ സർജറി, ഇ.എൻ.ടി തുടങ്ങിയ സർജിക്കൽ സ്പെഷ്യാലിറ്റികളെല്ലാം ഇവിടുണ്ട്.

കുടൽ, പിത്തസഞ്ചി, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ദശാബ്ദങ്ങൾക്ക് മുന്നേ ആരംഭിച്ചു. ഇടുപ്പെല്ല് മാറ്റിവയ്ക്കുന്നതടക്കമുള്ള ചികിത്സകൾ 15 വർഷം മുമ്പ് ആരംഭിച്ചിരുന്നു. ഇ.എസ്.ഐ പദ്ധതിയിൽ അംഗമല്ലാത്തവർക്ക് കുറഞ്ഞ തുക അടച്ച് ചികിത്സ നേടാമെന്ന പ്രത്യേകതയും ഇവിടുണ്ട്.

ആവശ്യം ഡെന്റൽ കോളേജ്

 ഡെന്റൽ കോളേജും പാരാ മെഡിക്കൽ കോഴ്സുകളും ആരംഭിക്കണമെന്ന് ആവശ്യം

 നിലവിൽ പ്രവർത്തിക്കുന്നത് 17 ചികിത്സാ വിഭാഗങ്ങൾ

 ആശുപത്രിക്ക് അധിക സ്ഥലം വേണ്ടിവന്നാൽ കെ.ഐ.പി പുറമ്പോക്ക് ഭൂമി പ്രയോജനപ്പെടുത്താം

 ഗതാഗത തിരക്കൊഴിഞ്ഞ സ്ഥലമെന്നതും അനുകൂല ഘടകം

 ആശുപത്രി കാമ്പസിലെ 54 ക്വാർട്ടേഴ്സുകളും ഉപകരിക്കും

ആശുപത്രി ആരംഭിച്ചത് - 1974ൽ

ആകെ വിസ്തൃതി - 16.5 ഏക്കർ

ഒഴിവായത് പാരിപ്പള്ളി മാത്രം

ഇ.എസ്.ഐ കോർപ്പറേഷന്റെ മെഡിക്കൽ വിദ്യാഭ്യാസ നയംമാറ്റത്തിൽ ഒഴിവായത് പാരിപ്പള്ളി മെഡിക്കൽ കോളേജ് മാത്രം. സംസ്ഥാന സർക്കാർ ആശുപത്രി ഏറ്റെടുത്തതോടെയാണ് കോർപ്പറേഷൻ കൈയൊഴിഞ്ഞത്.

ജില്ലയുടെ കിഴക്ക് - പടിഞ്ഞാറൻ മേഖലകളിൽ നിന്ന് ഒരുപോലെ ആശ്രയിക്കാൻ കഴിയുന്ന സ്ഥലമാണ് എഴുകോൺ.

ബിജു ഫിലിപ്പ്, ജില്ലാ സെക്രട്ടറി

കർഷക കോൺഗ്രസ്