 
എഴുകോൺ : വാടക കെട്ടിടങ്ങൾ മാറി മാറി അലഞ്ഞ കരീപ്ര പഞ്ചായത്തിലെ കടയ്ക്കോട് 174 -ാം നമ്പർ അങ്കണവാടിയുടെ ശനി ദശയ്ക്ക് അവസാനമായി. കടയ്ക്കോട് വിജയ ഭവനത്തിൽ വി.ബിനുവും അമ്മ ആർ. അംബികയും മൂന്ന് സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതോടെയാണ് ഇത്. അമ്മയ്ക്ക് കൂടി അവകാശമുള്ള ബിനുവിന്റെ കുടുംബ ഓഹരിയിൽ നിന്നാണ് മൂന്ന് സെന്റ് നൽകിയത്. നാട്ടിലെ കുരുന്ന് കുട്ടികൾ സ്വന്തം ആസ്ഥാനമില്ലാതെ അലയുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ഫേസ്ബുക്കിലും മറ്റും നിരന്തര ചർച്ചകൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ബിനു ഈ തീരുമാനം എടുത്തത്. അമ്മയോടും കുവൈറ്റ് മിനിസ്ട്രിയിൽ ജോലി ചെയ്യുന്ന ഭാര്യ സീമയോടും ആഗ്രഹം പങ്കു വച്ചപ്പോൾ അനുകൂല മറുപടിയാണ് ലഭിച്ചത്. നെടുവത്തൂർ ഈശ്വര വിലാസം സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ ബി.എസ്.ഗോകുൽ കട്ടയ്ക്ക് ഒപ്പം നിന്നു. വാടക കെട്ടിടങ്ങൾ നിരന്തരം മാറേണ്ടി വന്നതോടെ അങ്കണവാടിയുടെ പ്രവർത്തനം തന്നെ അനിശ്ചിതത്വത്തിലായിരുന്നു. ഈ ഘട്ടത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.ഷീജ നടത്തിയ ഇടപെടലാണ് അങ്കണവാടിയെ ഇവിടെ തന്നെ നില നിറുത്തിയത്. പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ അടച്ചിട്ടിരുന്ന കുടുംബ വീട് അറ്റകുറ്റ പണികൾ നടത്തി ഷീജ അങ്കണവാടിക്ക് നൽകുകയായിരുന്നു. മെമ്പറുടെ വീട്ടുമുറ്റത്ത് തന്നെയാണ് ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. അങ്കണവാടിക്കായി എഴുതി നൽകിയ ഭൂമിയുടെ ആധാരം കൺസ്യൂമർ ഫെഡ് ഡയറക്ടറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജി.ത്യാഗരാജന്റെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പഞ്ചായത്തിൽ നിന്ന് തുക അനുവദിച്ചാൽ സമീപ ഭാവിയിൽ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറാം എന്ന സന്തോഷത്തിലാണ് അങ്കണവാടി ജീവനക്കാരും നാട്ടുകാരും.