തഴവ: ദേശീയ പാതയിൽ വവ്വാക്കാവ് ജംഗ്ഷനിൽ അണ്ടർപാസ് വേണമെന്ന ജനകീയ ആവശ്യം അവഗണിക്കപ്പെടുമെന്ന ആശങ്കയിൽ നാട്ടുകാർ. 2023 മുതൽ അക്ഷൻ കൗൺസിൽ രൂപീകരിച്ച് മുൻ എം.പി എ.എം .ആരിഫിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകുകയും 2023ആഗസ്റ്റ് 20ന് വവ്വാക്കാവ് ജംഗ്ഷനിൽ നൂറ് കണക്കിന് ഗ്രാമവാസികളെ സംഘടിപ്പിച്ച് ജനകീയ സമരം നടത്തുകയും ചെയ്തിരുന്നു. സമരം ഫലം കാണാതിരുന്നതോടെ തുടർന്ന് വന്ന എം.പി കെ.സി.വേണുഗോപാലിന് ആക്ഷൻ കൗൺസിൽ വീണ്ടും ഹർജി നൽകി കാത്തിരിക്കുന്നതിനിടയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നേരിട്ട് വവ്വാക്കാവ് ജംഗ്ഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആക്ഷൻ കൗൺസിൽ പ്രവർത്തകർക്കും നാട്ടുകാർക്കും ആശ്വാസമാകുന്ന തരത്തിൽ അണ്ടർപാസ് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ വവ്വാക്കാവ് ജംഗ്ഷനിൽ അണ്ടർ പാസ് അനുവദിക്കുന്നതിനുള്ള യാതൊരു നിയമ നടപടികളും നാളിതുവരെ നടന്നിട്ടില്ലെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന.
ക്രോസിംഗ് പാസേജ്
വവ്വക്കാവ് ജംഗ്ഷന് സമീപം വെറും ഏഴടി മാത്രം ഉയരത്തിൽ ഒന്നര മീറ്റർ വീതിയുള്ള ഒരു ക്രോസിംഗ് പാസേജ് അനുവദിക്കുവാൻ സാദ്ധ്യതയുള്ളതായാണ് നിലവിൽ ലഭിക്കുന്ന ഔദ്യോഗിക സൂചന . സൂപ്പർഫാസ്റ്റ് ഒഴികെയുള്ള യാത്രാ ബസുകൾക്ക് പ്രത്യേക ടിക്കറ്റ് നിരക്ക് നിലവിലുള്ള പ്രധാന ജംഗ്ഷനായ വവ്വക്കാവിൽ ഇത്തരത്തിലുള്ള ഒരു അണ്ടർപാസ് അനുവദിക്കുന്നത് ജനകീയ വികാരത്തെ അവഹേളിക്കലാണെന്ന ആരോപണവും ശക്തമായിരിക്കുകയാണ് .