പടിഞ്ഞാറേ കല്ലട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിപ്പോയ എ.ഡി.എമ്മിന് നൽകിയ യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരമായ ആരോപണമുന്നയിച്ചത്. സ്ഥലം മാറിപ്പോകുന്നയാളിനെ പിന്തുടർന്നെത്തി വ്യക്തിഹത്യ ചെയ്യുകയായിരുന്നു. ഉപഹാരം നൽകുന്ന ചടങ്ങിൽ നിൽക്കുന്നില്ല എന്ന തരത്തിൽ അവഹേളിച്ച് സംസാരിക്കുകയുണ്ടായി. വിളിക്കാത്ത യോഗത്തിൽ പോയി എ.ഡി.എമ്മിനെ അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ശക്തമായ നിയമനടപടിയെടുക്കണം.ജനപ്രതിനിധികൾ അതിരുവിട്ട് പോകുന്നത് നീതീകരിക്കാൻ ആകുന്നതല്ല. കഴിഞ്ഞ എട്ടര വർഷക്കാലമായി സംസ്ഥാന സിവിൽ സർവീസിൽ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം പൊടിപൊടിക്കുകയാണ്. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് തുടങ്ങിയ നിയമനങ്ങൾ ഭരണകൂടം രാഷ്ട്രീയ നിറം നോക്കിയാണ് തീരുമാനിക്കുന്നത്. പെട്രോൾ പമ്പിന്റെ അനുമതിക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിന് ശുപാർശ ചെയ്യണം. മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകേണ്ടത് എന്നും ചവറ ജയകുമാർ തുടർന്ന് അഭിപ്രായപ്പെട്ടു.