
കൊല്ലം: ആശ്രാമം മൈതാനത്ത് കെട്ടിട മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളാൻ വില്ലേജ് ഓഫീസറുടെ ഉത്തരവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് വില്ലേജ് ഓഫീസർ നേരിട്ടെത്തി വാഹനം തിരിച്ചയച്ചു. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം.
ഇന്ന് വൈകിട്ട് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിന്റെ പരിസരത്തുള്ള കെട്ടിടാവശിഷ്ടങ്ങളാണ് പിക്കപ്പ് വാഹനത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ആശ്രാമം മൈതാനത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി തള്ളിയത്. മൂന്ന് ലോഡ് മാലിന്യം എത്തിച്ച ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ക്രിക്കറ്റ് കളിക്കുന്നതിനും എൻ.ടി.പി.സി ട്രെയിനിംഗിനുമായി നാട്ടുകാർ വ്യത്തിയാക്കിയ സ്ഥലത്താണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്. നാലാമത്തെ ലോഡ് മാലിന്യവുമായി വാഹനം എത്തിയപ്പോൾ പ്രദേശവാസികളായ നാട്ടുകാർ തടയുകയായിരുന്നു. മാലിന്യം നിക്ഷേപിക്കാൻ കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസർ രേഖാമൂലം അനുമതി നൽകിയിട്ടുണ്ടെന്ന് വാഹനത്തിലെത്തിയവർ അറിയിച്ചു. തുടർന്ന് നാട്ടുകാർ ഈസ്റ്റ് പൊലീസിൽ വിവരമറിയിച്ചു. വില്ലേജ് ഓഫീസർ രേഖാമൂലം അനുമതി നൽകിയതിനാൽ തങ്ങൾക്ക് നടപടിയെടുക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാട് .
തുടർന്ന് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് ഇടപെട്ട് വില്ലേജ് ഓഫീസർ ജി.വി. ഗോപകുമാറിനെ സ്ഥലത്ത് എത്തിച്ചു. മന്ത്രി വരുന്നതിനാൽ വില്ലേജ് ഓഫീസ് പരിസരത്ത് സ്‌റ്റേജ് തയ്യാറാക്കാൻ പരിസരം വൃത്തിയാക്കിയതാണെന്നും അത്തരത്തിലുള്ള
കെട്ടിടാവശിഷ്ടങ്ങളാണ് മൈതാനത്ത് നിക്ഷേപിച്ചതെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തന്നെ, മൈതാനത്ത് നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാമെന്നും നാലാമത്തെ ലോഡ് മൈതാനത്ത് നിക്ഷേപിക്കില്ലെന്നും നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.