കൊല്ലം: സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നതിനാൽ മിന്നൽ വേഗത്തിലാണ് ജില്ലയിൽ സി.പി.എമ്മിന്റെ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങൾ നടക്കുന്നത്. 3204 ബ്രാഞ്ച് സമ്മേളനങ്ങളിൽ 3154 ഉം 166 ലോക്കൽ സമ്മേളനങ്ങളിൽ 90 എണ്ണവും പൂർത്തിയായി.
ഈ മാസം 31ന് ഏരിയാ സമ്മേളനങ്ങൾ ആരംഭിക്കും. സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലം നഗരം ഉൾപ്പെടുന്ന കൊല്ലം ഏരിയാ സമ്മേളനമാണ് ആദ്യം നടക്കുന്നത്. നവംബറിൽ ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാകും. ഡിസംബർ 10 മുതൽ 12 വരെ കൊട്ടിയത്താണ് ജില്ലാ സമ്മേളനം. 2025 മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം.
ഉറങ്ങിയും ഉണർന്നും സമ്മേളനങ്ങൾ
 പൂർത്തിയായ ബ്രാഞ്ച് സമ്മേളനങ്ങളിൽ ചിലതിൽ നേർച്ച പോലെ തണുത്ത ചർച്ചകൾ
 വലിയൊരു വിഭാഗം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ തീപാറുന്ന ചർച്ച
 പി.വി.അൻവർ ആദ്യം എം.ആർ.അജിത്ത്കുമാറിനെതിരെ രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന് അനുകൂലമായിട്ടായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ച
 പിന്നീട് പി.വി.അൻവർ മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ തിരിഞ്ഞതോടെ ചർച്ചയുടെ ഗതി മാറി
 സംസ്ഥാന സർക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉയർന്നു
 പ്രാദേശിക സംഘടനാപ്രശ്നങ്ങളെച്ചൊല്ലി പ്രതിനിധികൾ ചേരിതിരിഞ്ഞതോടെ കരുനാഗപ്പള്ളിയിൽ രണ്ട് ലോക്കൽ സമ്മേളനങ്ങൾ നിറുത്തിവച്ചു
 പരമ്പരാഗത വ്യവസായ മേഖലകളുടെ തകർച്ചയും സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയാത്തതും സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളും സമ്മേളനങ്ങളിൽ വ്യാപകമായി ഉയർന്നു
ജില്ലാ സെക്രട്ടറി തുടരുമോ?
ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ തുടരുമോ എന്നാണ് പാർട്ടിയിലും പുറത്തുമുള്ള മറ്റൊരു പ്രധാന ചർച്ച. സി.പി.എമ്മിലെ കീഴ്വഴക്കം പ്രകാരം ഒരാൾക്ക് സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം വരെ തുടരാം. എസ്.സുദേവൻ രണ്ട് ടേമേ ആയിട്ടുള്ളു. കാര്യമായ സംഘടനാ പ്രശ്നങ്ങളില്ലാതെ അദ്ദേഹം പാർട്ടിയെ മുന്നോട്ടുകൊണ്ടുപോയെന്നാണ് വിലയിരുത്തൽ. എന്നാൽ പി.ബി അംഗം എം.എ.ബേബി, ജില്ലയിലെ പാർട്ടി ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ.ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവരുടെ നിലപാട് സെക്രട്ടറിയുടെ കാര്യത്തിൽ നിർണായകമാകും.
ഏഴിടത്ത് പുതിയ ഏരിയാ സെക്രട്ടറി
ചാത്തന്നൂർ, കൊട്ടിയം, കൊല്ലം, കൊല്ലം ഈസ്റ്റ്, പത്തനാപുരം, കുണ്ടറ, ശൂരനാട് ഏരിയാ സെക്രട്ടറിമാർ ഈ സമ്മേളനത്തോടെ മൂന്ന് ടേം പൂർത്തിയാക്കും. ഇവിടങ്ങളിൽ പുതിയ ഏരിയാ സെക്രട്ടറിമാർ വരും.
നരപിടിച്ച സെക്രട്ടേറിയറ്റ്
നിലവിലെ 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിലെ എല്ലാവരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ശരാശരി പ്രായം ഏകദേശം 70 ആണ്. പക്ഷെ ഈ സമ്മേളനത്തിൽ ഒഴിവാക്കപ്പെടുന്ന തരത്തിൽ 75 വയസ് പിന്നിട്ടവർ ആരുമില്ല. അതുകൊണ്ട് പ്രവർത്തനരാഹിത്യം കണക്കിലെടുത്ത് ആരെയെങ്കിലും ഒഴിവാക്കിയാലെ പുതുമുഖങ്ങൾക്ക് സാദ്ധ്യതയുള്ളു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ വന്ന പോലെ ജില്ലാ സെക്രട്ടേറിയറ്റിലും ചെറുപ്പക്കാരെ കൊണ്ടുവരണമെന്ന് ആവശ്യം ഉയരുന്നുണ്ട്.