അഞ്ചാലുംമൂട്: കുരീപ്പുഴ കീക്കോലി മുക്കിനും പാലമൂടിനും ഇടയിൽ ബൈപ്പാസിലേക്ക് ഇറങ്ങുന്ന പാലമൂട് ബൈപ്പാസ് റോഡിലെ വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ്, തകർന്ന് കിടക്കുന്ന റോഡ് വെള്ളക്കെട്ടായത്.
ബൈപ്പാസിന്റെ വീതികൂട്ടൽ നടക്കുന്നതിനാൽ കീക്കോലിമുക്ക് വഴി വാഹനങ്ങൾ കടന്നു പോകാനാവാത്ത അവസ്ഥയാണ്. പകരം ബൈപ്പാസിലേക്ക് ഇറങ്ങുന്നതിനായി പ്രദേശവാസികൾ ഉപയോഗിക്കുന്ന വഴിയാണ് കുരീപ്പുഴ പാലമൂട് ബൈപ്പാസ് റോഡ്. മൂന്ന് മീറ്റർ വീതിയുള്ള റോഡിൽ മദ്ധ്യഭാഗത്ത് നിറയെ കുഴികളാണ്. മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ കുഴികൾ വ്യക്തമാവുന്നില്ല. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ ഓഫാകുന്നതും ഓടിക്കുന്നവർക്ക് പരിക്കേൽക്കുന്നതും സ്ഥിരം സംഭവമായി. വെള്ളം ഒഴുകിപ്പോകാൻ ഓടയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ മഴ മാറിനിന്നാലും വെള്ളക്കെട്ട് ഒഴിയില്ല.
റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ, വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും തർക്കമുണ്ടാവുന്നതും പതിവാണ്. സമീപത്തെ നീരാവിൽ, കൊച്ചാലുംമൂട് യു.പി.സ്കൂൾ എന്നിവിടങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി കാൽനടയായി പോകുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ് വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി സാദ്ധ്യതയും പ്രദേശത്തുണ്ട്.
ഇരുളിന്റെ മറവിൽ മാലിന്യ നിക്ഷപം
കീക്കോലിമുക്കിൽ നിന്ന് പാലമൂടിലേക്കുള്ള റോഡിൽ തെരുവ് വിളക്കുകൾ കത്താത്തത് മൂലം സാമൂഹ്യവിരുദ്ധ ശല്ല്യം രൂക്ഷമാണ്. ഇരുട്ടിന്റെ മറവിൽ ഇവിടെ മാലിന്യ നിക്ഷേപവും പതിവാണ്. അടുത്തിടെ ഈ റോഡിലെ മാലിന്യങ്ങൾ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തെങ്കിലും വീണ്ടും കുമിഞ്ഞു കൂടി. ഹോട്ടൽ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും ഡയപ്പറുകളും ഉൾപ്പെടെയാണ് തള്ളുന്നത്.
ബൈപ്പാസിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായങ്കിൽ മാത്രമേ, വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടനിർമ്മാണം ഉൾപ്പെടെയുള്ളവ സാദ്ധ്യമാവുകയുള്ളൂ. റോഡ് പുനർ നിർമ്മാണം കോർപ്പറേഷന്റെ പുതിയ പ്രോജക്ടിൽ ഉൾപ്പെടുത്തും. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പ്രദേശവാസികളുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും
കോർപ്പറേഷൻ അധികൃതർ