t
മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം

അറ്റകുറ്റപ്പണി​ അവഗണി​ച്ച് അധി​കൃതർ

കൊല്ലം: ഭൂരിഭാഗം സർക്കാർ ആശുപത്രികളും പുതു മോടി​യി​ലേക്ക് മാറി​യെങ്കി​ലും മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രം (എഫ്.എച്ച്.സി​) അവഗണനയി​ൽ. ആശുപത്രിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ പലതും തകർച്ചയുടെ വക്കിലാണ്.

1952ൽ നിർമ്മിച്ച കെട്ടിടത്തിലാണ് നഴ്സിംഗ് സ്റ്റേഷൻ, ഒബ്സർവേഷൻ റൂം തുടങ്ങിയവ പ്രവർത്തിക്കുന്നത്. ഓട് പാകിയ ഈ കെട്ടിടത്തിന്റെ സീലിംഗ് തകർന്ന അവസ്ഥയിലാണ്. ഇതിനേക്കാൾ ദയനീയമാണ് 1984ൽ നിർമ്മിച്ച കെട്ടിടത്തിന്റെ അവസ്ഥ. ഈ കെട്ടിടത്തിലാണ് ലാബും മെയിൽ, ഫീ മെയിൽ വാർഡുകളും പ്രവർത്തിക്കുന്നത്. മേൽക്കൂരയിലെയും ഭിത്തികളിലെയും സിമന്റ് പാളികൾ അടർന്നു വീഴുന്നത് പതിവാണ്. രോഗികളും ഡോക്ടർമാരും നഴ്സുമാരും ഭീതിയോടെയാണ് ഇവി​ടെ ജോലി​ ചെയ്യുന്നത്. ആശുപത്രിയുടെ വികസനത്തിന് കാര്യമായ ഒരു തുകയും തദ്ദേശസ്ഥാപനങ്ങളോ സർക്കാരോ അടുത്ത കാലത്തൊന്നും അനുവദിച്ചിട്ടില്ല. വല്ലപ്പോഴും ലഭി​ക്കുന്ന തുച്ഛമായ തുക ഉപയോഗിച്ച് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി മാത്രമാണ് നടത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളായും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും വികസിപ്പിച്ചിരുന്നു. എന്നാൽ നേരത്തെ കുടുംബാരോഗ്യ കേന്ദ്രമായിരുന്ന മയ്യനാട് സി.കേശവൻ മെമ്മോറിയൽ ആശുപത്രിയെ ഇപ്പോൾ സാമൂഹ്യ ആരോഗ്യ കേന്ദ്രമായി തരം താഴ്ത്തുകയാണ് ചെയ്തത്.

പഞ്ചായത്ത് യോഗത്തിൽ

യു.ഡി​.എഫ് പ്രതിഷേധം

മയ്യനാട് എഫ്.എച്ച്.സിയോടുള്ള അവഗണന ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ മയ്യനാട് പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ആർ.എസ്. അബിൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മേവറം നാസർ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് റാഫി, മയ്യനാട് സുനിൽ, ലീന ലോറൻസ്, മുംതാസ് എന്നിവർ നേതൃത്വം നൽകി.

സി. കേശവന്റെ പേരിലുള്ള മയ്യനാട് ഗവ. ആശുപത്രിയോടുള്ള അവഗണന നീതീകരിക്കാനാകില്ല. പാവപ്പെട്ട രോഗികളോട് അധികൃതർ കാട്ടുന്ന വെല്ലുവിളിയാണിത്. തകർന്നു വീഴാവുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഡി.പി.ആർ തയ്യാറാക്കി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കണം

ആർ.എസ്. അബിൻ, മയ്യനാട് പഞ്ചായത്തംഗം