കൊല്ലം: യൂറോളജി വിഭാഗം ഡോക്ടർമാരുടെ സംഘടനയായ കേരള യൂറോളജിക്കൽ അസോസിയേഷന്റെ 38-ാം സംസ്ഥാന സമ്മേളനം 19, 20 തീയതികളിൽ കൊല്ലത്ത് നടക്കും. 19ന് രാവിലെ 10ന് ലീലാ റാവിസ് ഹോട്ടലിൽ അഖിലേന്ത്യാ യൂറോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. ടി.പി.രാജീവ് ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം യൂറോളജിസ്റ്റുകൾ പങ്കെടുക്കും. റോബോട്ടിക് സർജറി, ലേസർ പ്രോസ്റ്റേറ്റ് സർജറി, കല്ലുനീക്കം ചെയ്യുന്നതിനുള്ള നൂതന ശസ്ത്രക്രിയകൾ എന്നിവയെപ്പറ്റി സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. യൂറോളജിയിൽ അടുത്തകാലത്ത് വളർന്നുവരുന്ന സബ് സ്പെഷ്യാലിറ്റികളായ ജീറിയാട്രിക് യൂറോളജി, സെക്സ് മെഡിസിൻ, പുരുഷ വന്ധ്യത ചികിത്സകളുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രബന്ധങ്ങളും അവതരിപ്പിക്കും. സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നായി യൂറോളജി വിദ്യാർത്ഥികളും വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ചെയർമാൻ ഡോ. പി.ആർ.വിപിൻദാസ്, സെക്രട്ടറി ഡോ. എം.എ.അജീഷ് എന്നിവർ പറഞ്ഞു.