കൊല്ലം: റോട്ടറി ക്ളബ്ബ് ഒഫ് ക്വയിലോണിന്റെ എഴുപത്തഞ്ചാം വാർഷികാഘോ സമാപനത്തിന്റെ ഭാഗമായി 150 ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകൾ സൗജന്യമായി നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അർഹരായവർ ഡോക്ടറുടെ സർട്ടിഫിക്കറ്റും വാർഡ് മെമ്പറുടെയോ കൗൺസിലറുടെയോ കത്തും അനുബന്ധ രേഖകളും സഹിതം ബീച്ച് റോഡിലെ റോട്ടറി ക്ളബ്ബ് ഓഫീസിൽ ബന്ധപ്പെടണം. ഇലക്ട്രിക് വീൽചെയറുകളും സാധാരണ വീൽ ചെയറുകളുമാണ് നൽകുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ളാറ്റിനം ജൂബിലി പരിപാടികളുടെ ഭാഗമായി നേരത്തെ 640 ഭിന്നശേഷിക്കാർക്ക് സൗജന്യമായി വെപ്പുകാലുകൾ നൽകിയിരുന്നു.

ജില്ലയിലെ എട്ട് സർക്കാർ വിദ്യാലയങ്ങളിൽ നിന്നായി 800 വിദ്യാർത്ഥികൾക്ക് സ്വയംസംരഭകത്വ പരിശീലനം നൽകുന്നുണ്ട്. ഇതിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടും മൂന്നും ഘട്ടങ്ങളും ഉടൻ നടത്തും. കോർപ്പറേഷനുമായി ചേർന്ന് നഗര സൗന്ദര്യവത്കരണത്തിനായി ബീച്ച് റോഡിലുൾപ്പടെ പലേടത്തും ചെടികൾ വച്ചുപിടിപ്പിക്കൽ അടക്കമുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രസിഡന്റ് എം. നാരായൺ കുമാർ, സെക്രട്ടറി സ്കറിയ കെ.സാമുവേൽ, ട്രഷറർ അനു എസ്.പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.