കൊല്ലം: റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊട്ടാരക്കരയിൽ തുടക്കമാകും. 19വരെ കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ട്, തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിട്ടാണ് മേള. പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരാണ് മത്സരിക്കുന്നത്.
96 മത്സരങ്ങളിലായി സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ 2300 വിദ്യാർത്ഥികൾ പങ്കെടുക്കും. ത്രോ ആൻഡ് ജംബ് മത്സരങ്ങൾ എസ്.കെ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും ബാക്കിയുള്ളവ കൊട്ടാരക്കര ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ടിലുമാണ് നടക്കുക.
രാവിലെ 9.30ന് കൊട്ടാരക്കര ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ, ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിക്കും. 19ന് വൈകിട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. പി.കെ.ജോൺസൺ അദ്ധ്യക്ഷനാകും.
താമസം, ഭക്ഷണം
മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ്, ടൗൺ യു.പി സ്കൂൾ എന്നിവിടങ്ങളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗവ. ഗേൾസ് എച്ച്.എസ്.എസിലാണ് ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്.