
കൊല്ലം: സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ അസാദ്ധ്യമായ കാര്യങ്ങൾ പോലും സർക്കാർ സാദ്ധ്യമാക്കിയതായി മന്ത്രി കെ.രാജൻ. ജില്ലാതല പട്ടയമേള ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒന്നരലക്ഷത്തിൽ അധികം പട്ടയങ്ങൾ നൽകാൻ സർക്കാരിന് കഴിഞ്ഞു. ജില്ലയിൽ കടൽ പുറമ്പോക്കിൽ താമസിക്കുന്ന 506 കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു. ആകെ 593 പട്ടയങ്ങളാണ് ജില്ലയിലാകെ വിതരണം ചെയ്തത്. ഇതിന്റെ ഡിജിറ്റൽ സർവേ പൂർത്തിയായി വരികയാണ്.
ഭൂമി ക്രയവിക്രയങ്ങൾ സുതാര്യമാക്കാൻ 'എന്റെ ഭൂമി' സംയോജിത പോർട്ടൽ 22ന് നിലവിൽ വരും. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെ റവന്യു വകുപ്പിലെ കൂടുതൽ സേവനങ്ങൾ ഇ- സേവനങ്ങളാക്കാനുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി.
മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം.മുകേഷ്, പി.എസ്.സുപാൽ, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കളക്ടർ എൻ.ദേവിദാസ്, സബ് കളക്ടർ നിഷാന്ത് സിൻഹാര, എ.ഡി.എം ജി.നിർമ്മൽ കുമാർ, കൗൺസിലർ ബി.ഷൈലജ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പട്ടയ വിതരണം
കൊല്ലം താലൂക്ക്- 515
കൊട്ടാരക്കര താലൂക്ക് -25
പുനലൂർ -15
പത്തനാപുരം -29
കുന്നത്തൂർ -5
കരുനാഗപ്പള്ളി - 4
ആകെ - 593