
കൊല്ലം: കള്ളക്കടൽ പ്രതിഭാസത്തിൽ ജില്ലയിലെ തീര പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം. കൊല്ലം ബീച്ച്, വാടി, വെടിക്കുന്ന്, പരവൂർ, അഴീക്കൽ, മുണ്ടയ്ക്കൽ, പരവൂർ, തെക്കുംഭാഗം, മയ്യനാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കടലാക്രമണം രൂക്ഷമായത്. ഒരിടത്തും കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല.
ആലപ്പാട് പഞ്ചായത്തിൽ കുഴിത്തറ ഭാഗങ്ങളിൽ കനത്ത തിരമാലയാണ് അടിച്ചുകയറിയത്. മൂന്ന് മീറ്റർ വരെ തിരകൾ ഉയർന്നു. ജില്ലയിൽ അഴീക്കൽ, ആലപ്പാട് ഭാഗത്തെ ചില വീടുകളിൽ വെള്ളം കയറി.ആലപ്പാട്ട് വഴി അഴീക്കൽ പാലം വഴിയുള്ള വാഹന ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം രാത്രിയിൽ തുടങ്ങിയ കടൽക്ഷോഭം ഇന്നലെ രാവിലെ ആറിന് ശേഷമാണ് രൂക്ഷമായത്. കൊല്ലം ബീച്ചിന് സമീപം മുണ്ടയ്ക്കൽ, വെടിക്കുന്ന് ഭാഗത്ത് ശക്തമായ തിരമാലകളാണ് ഉണ്ടായത്. കൊല്ലം ബീച്ചിൽ കടൽ കരയിലേക്ക് കയറിയതിനാൽ കരയിൽ കയറ്റിവച്ചിരുന്ന വള്ളങ്ങൾ മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികൾ വല സുരക്ഷിതമായി സൂക്ഷിച്ച പ്രദേശത്തടക്കം വെള്ളം കയറി.
ഇവ പിന്നീട് ഇവിടെ നിന്ന് മാറ്റുകയായിരുന്നു. മുന്നറിയിപ്പിനെ തുടർന്ന വാടിയിൽ നിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയില്ല. ആലപ്പാട് തീരത്ത് കൊച്ചോച്ചിറ, മൈലാടുംകുന്ന്, ചെറിയഴീക്കൽ വടക്കേനട ഭഗവതിക്ഷേത്രം, ഗവ. എൽ.പി.എസ്, സി.എഫ്.എ ഭാഗങ്ങളിലെ റോഡിന് പടിഞ്ഞാറ് ഭാഗത്തെ വീടുകളിൽ വെള്ളം കയറി ചെറിയ നാശനഷ്ടങ്ങളുണ്ടായി. ആലപ്പാട് സെന്റർ, കുഴിത്തുറ, സ്രായിക്കാട്, പറയകടവ്, അഴീക്കൽ കുരിശടി, ഭദ്രൻമുക്ക്, ബീച്ച് എന്നിവിടങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി.
അടിച്ചുകയറി ചെളിയും മണ്ണും
ശക്തമായ തിരമാലയ്ക്കൊപ്പം ചെളിയും മണ്ണും അഴീക്കൽ ഭാഗത്ത് കരയിലേക്ക് അടിച്ചുകയറി. അഴീക്കൽ ഭാഗത്ത് യഥാസമയം മാറ്റാതിരുന്ന കട്ടമര വള്ളങ്ങൾ ഒഴുകിപോയെങ്കിലും മത്സ്യത്തൊഴിലാളികളെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൊല്ലം ബീച്ചിലെ കടകൾ നിന്ന സ്ഥലത്തും വെള്ളം കയറി. ബീച്ചിലെ കച്ചവടക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീരസംരക്ഷണ ഭിത്തികൾ തകർന്നുകിടക്കുന്ന സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. വേലിയേറ്റസമയത്ത് കള്ളക്കടൽ പ്രതിഭാസം കൂടി ഉണ്ടായതാണ് കടലേറ്റത്തിന് കാരണമായതെന്ന് വിദഗ്ദ്ധർ പറയുന്നു.
ബന്ധുവീടുകളിൽ അഭയം
തീരപ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ജില്ലയിലെ ബീച്ചുകളിൽ സന്ദർശകരെ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് വിലക്കി. കടലാക്രമണത്തെ തുടർന്ന് തങ്കശേരി ബ്രേക്ക് വാട്ടർ പാർക്കിൽ സന്ദർശകരെ അനുവദിച്ചില്ല.
കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
ജില്ലാഭരണകൂടം