കൊല്ലം: 'ഭക്തരുടെ പ്രാർത്ഥനകൾ നിവേദ്യങ്ങളായി അർപ്പിക്കണം. അത്താഴപൂജകഴിഞ്ഞ് അയ്യനെ ഹരിവരാസനം പാടി ഉറക്കണം". നിയുക്ത ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ സ്വപ്നമായിരുന്നു ഇത്. കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന സ്വപ്നം സഫലമാകാൻ ഇനി ദിവസങ്ങൾ മാത്രം.

അരുൺകുമാർ ആദ്യം ശാന്തിവൃത്തി ചെയ്തത് അയ്യപ്പ ക്ഷേത്രത്തിലാണ്. പരിമണം കൈപ്പവിള ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ. അമ്പലപ്പുഴ പുതുമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ കീഴിലാണ് തന്ത്രവിധികൾ പഠിച്ചത്. മണ്ഡലകാലത്ത് അയ്യനെ കാണണമെന്ന 10 വർഷമായുള്ള ആഗ്രഹംകൂടിയാണ് ഇതോടെ സഫലമാകുന്നത്.

മണ്ഡലകാലത്ത് ജോലി ചെയ്യുന്ന ക്ഷേത്രത്തിൽ വലിയ തിരക്കായിരിക്കും. അതുകൊണ്ട് മൂന്നു തവണ മാത്രമേ മണ്ഡലകാലത്ത് ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടുള്ളു. മലയാള മാസാരംഭത്തിലാണ് അയ്യപ്പസ്വാമിയെ കാണാൻ പോയിരുന്നത്. ആറാം തവണയാണ് ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചത്.

നീണ്ടകര പരിമണം ശ്രീദുർഗ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ശങ്കരൻ നമ്പൂതിരിയുടെയും രാജമ്മ അന്തർജ്ജനത്തിന്റെയും മകനാണ്. 31 വർഷം മുമ്പ് ദേവസ്വം ബോർഡ് ശാന്തിയായി നിയമനം ലഭിച്ചു. ഇതിനിടയിൽ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ആറ്റുകാൽ ക്ഷേത്രം അടക്കമുള്ള വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം ലക്ഷ്മിനടയിൽ മേൽശാന്തിയായി മൂന്നു മാസമാകുമ്പോഴാണ് പുതിയ നിയോഗം. അമ്പിളിയാണ് ഭാര്യ. ഗായത്രി, ജാതദേവൻ എന്നിവർ മക്കൾ. കാവനാട് തോട്ടത്തിൽ മഠത്തിലാണ് താമസം.

''ശബരിമല മേൽശാന്തിയാകുനുള്ള അവസരം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവുമാണ്.

എസ്. അരുൺകുമാർ നമ്പൂതിരി