police

കൊല്ലം: മോഷണം തടയാൻ ഇടറോഡുകളിലൂടെയും ഇടവഴികളിലൂടെയും രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുമ്പോഴും പള്ളിത്തോട്ടം സ്റ്റേഷനിലെ പൊലീസുകാരുടെ ഉള്ളിൽ തീയാണ്. 'പൊലീസ് സ്റ്റേഷനുള്ളിൽ കള്ളൻ കയറുമോ'. അത്രയ്ക്ക് അടച്ചുറപ്പില്ലാത്ത പഴഞ്ചൻ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

പണ്ട് തുറമുഖ വകുപ്പ് ഗോഡൗണായി ഉപയോഗിച്ചിരുന്ന ഓട് പാകിയ കെട്ടിടത്തിലാണ് പള്ളിത്തോട്ടം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കഴുക്കോലടക്കം ചിതലരിച്ചതിനാൽ കള്ളൻ ഓടിളക്കി കയറാൻ ശ്രമിച്ചാൽ നടുവിടിച്ച് നിലത്ത് വീഴുമെന്ന് ഉറപ്പുള്ളതാണ് ആശ്വാസം. മോഷ്ടാക്കൾക്ക് ടൂൾസൊന്നും ഉപയോഗിക്കാതെ ഒറ്റപ്പിടിക്ക് പൊളിക്കാവുന്ന അവസ്ഥയിലാണ് സ്റ്റേഷന്റെ വാതിലുകളും ജന്നലുകളും. ആയുധങ്ങൾ സൂക്ഷിക്കാൻ സ്റ്റേഷനിൽ സുരക്ഷിതമായ മുറി വേണമെന്നാണ് ചട്ടം. എന്നാൽ റെക്കാഡ് റൂമിന്റെ മൂലയിൽ ലോക്കറിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഓടുകൾ പലയിടങ്ങളിലും പൊട്ടിയിരിക്കുന്നതിനാൽ മഴ പെയ്യുമ്പോൾ പൊലീസുകാർ സ്റ്റേഷനുള്ളിൽ കുടപിടിച്ചിരിക്കേണ്ട അവസ്ഥയാണ്. മഴ പെയ്യുമ്പോൾ കേസ് രേഖകൾ ചോർച്ചയില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റലും ഉദ്യോഗസ്ഥരുടെ പ്രധാനപ്പെട്ട ജോലിയാണ്.

ആഞ്ഞൊന്നു ചവിട്ടിയാൽ പള്ളിത്തോട്ടം സ്റ്റേഷനിലെ സെൽ തകരും. അതുകൊണ്ട് ഒരുസമയം ഒന്നോ രണ്ടോ പ്രതികളെ മാത്രമേ സെല്ലിൽ ഇടാറുള്ളു. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കുമ്പോൾ വെസ്റ്റ് സ്റ്റേഷനിലെ സെല്ലിലേക്കാണ് മാറ്റുന്നത്. കുഴപ്പക്കാരായ പ്രതികളെയും ഇവിടുത്തെ സെല്ലിൽ ഇടാറില്ല. രണ്ട് മുറികൾ മാത്രമുള്ള കെട്ടിടത്തിന്റെ വരാന്തകൾ കെട്ടിമറച്ചാണ് തൊണ്ടി മുറിയും റെക്കാഡ് റൂം ഓഫീസുമൊക്കെ സജ്ജീകരിച്ചിരിക്കുന്നത്.

ഉത്തരം പൊളിഞ്ഞു, ഓടിളകി

 ഉത്തരവും കഴുക്കോലും ജീർണിച്ച് വീഴാറായ അവസ്ഥയിൽ

 ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടം

 സ്റ്റേഷനുള്ളിൽ നിന്ന് തിരിയാൻ ഇടമില്ല

 വനിതാ പൊലീസിന് പ്രത്യേകത വിശ്രമമുറിയില്ല
 യൂണിഫോം മാറാൻ സൗകര്യമില്ല
 വനിതകൾക്ക് പ്രത്യേകം ടോയ്‌ലെറ്റില്ല

 പരാതിക്കാർക്ക് ഇരിക്കാൻ ഇടമില്ല

ആകെ തസ്തികകൾ - 35

2 എസ്.ഐമാരുടേതടക്കം 5 തസ്തികകൾ കാലി

പ്രതികൾക്ക് ഒന്നിനും രണ്ടിനും കാവൽ

ഭൂരിഭാഗം സ്റ്റേഷനുകളിലെയും സെല്ലുകൾക്കുള്ളിൽ ടോയ്‌ലെറ്റുണ്ട്. എന്നാൽ പള്ളിത്തോട്ടം സ്റ്റേഷനിലെ സെല്ലിൽ ടോയ്‌ലെറ്റില്ല. പ്രതികൾ പുറത്തെ ടോയ്‌ലെറ്റിൽ പോകുമ്പോൾ പൊലീസുകാർ കാവൽ നിൽക്കേണ്ട അവസ്ഥയാണ്.

പുതിയ കെട്ടിടത്തിന് നടപടി ഇഴയുന്നു

ഇപ്പോൾ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നിടത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തങ്ങളുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലം തുറമുഖ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. രണ്ട് നിലകളുള്ള കെട്ടിടം നിർമ്മിക്കാൻ എം. മുകേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പണവും അനുവദിച്ചു. പക്ഷെ രൂപരേഖ അന്തിമമാക്കി നിർമ്മാണത്തിലേക്ക് കടക്കൽ നീളുകയാണ്. എന്നാൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ അടക്കം സൂക്ഷിക്കുന്നതിന് ഇപ്പോൾ അനുവദിച്ചിട്ടുള്ള 10 സന്റെ തികയില്ല. അതുകൊണ്ട് കൂടുതൽ സ്ഥലം അനുവദിക്കണമെന്ന ആവശ്യമുണ്ട്.

വളരെ പരിതാപകരമായ അവസ്ഥയിലുള്ള കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ട് വിഭാഗം രൂപരേഖ തയ്യാറാക്കി വരികയാണ്. ആദ്യം തയ്യാറാക്കിയ രൂപരേഖയിൽ നിർദ്ദേശിച്ച മാറ്റങ്ങളോടെ വൈകാതെ അന്തിമമാക്കും.

ബി. ഷെഫീക്ക്, എസ്.എച്ച്.ഒ, പള്ളിത്തോട്ടം

ലേഖകന്റെ ഫോൺ: 9633583752