കൊട്ടാരക്കര: കായിക ഇനങ്ങൾ മത്സരാടിസ്ഥാനത്തിലല്ല, ഇപ്പോൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കൊട്ടാരക്കരയിൽ മൂന്ന് ദിനങ്ങളിലായി നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ മത്സരങ്ങൾക്കുവേണ്ടി മാത്രമായിരുന്നു ഇത്തരം മേളകൾ. എന്നാൽ മാറിവരുന്ന ജീവിത സാഹചര്യങ്ങൾ, ആരോഗ്യരക്ഷ എന്നിവയെ മുൻനിറുത്തി കായിക ഇനങ്ങൾക്ക് മറ്റൊരു മാനം കൈവന്നു. നിത്യ ജീവിതവുമായി കായിക ഇനങ്ങളെ ബന്ധപ്പെടുത്തേണ്ട ഘട്ടമെത്തി. അതുകൊണ്ടാണ് ഉൾപ്രദേശങ്ങളിൽപോലും ടർഫും മറ്റ് കളിക്കളങ്ങളുമൊരുങ്ങുന്നത്. സ്പോർട്സിനും ആർട്സിനും കൂടുതൽ പ്രാധാന്യം കൈവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ് അദ്ധ്യക്ഷയായി. മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്ടൻ കുരികേശ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, ജില്ലാ പഞ്ചായത്തംഗം വി.സുമലാൽ, കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ഫൈസൽ ബഷീർ, കിഷോർ.കെ.കൊച്ചയ്യം, ആർ.പ്രദീപ്, ബി.വേണുഗോപാൽ, ജി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

കൊട്ടാരക്കരയിൽ ഹൈടെക് സ്റ്റേഡിയം നിർമ്മിക്കും

കൊട്ടാരക്കര പട്ടണത്തോട് ചേർന്ന് ഹൈടെക് സ്റ്റേഡിയം നിർമ്മിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിനായി പത്ത് ഏക്കർ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നഗരസഭയും അനുബന്ധ ഓഫീസ് സംവിധാനങ്ങളുമായി വിഷയത്തിൽ പ്രാഥമിക ചർച്ച നടത്തി. ഭൂമി കണ്ടെത്തിയാൽ തുടർ നടപടികളുമായി മുന്നോട്ട് പോകും. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കടക്കം ഒരുക്കുന്നതിന് ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രഭാത-സായാഹ്ന നടത്തക്കാർക്കും കായിക താരങ്ങൾക്കും ഇവിടം കൂടുതൽ പ്രയോജനപ്പെടും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും വിശാലമായ കളിസ്ഥലങ്ങൾ ഒരുക്കുന്ന ജോലികൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.