കൊട്ടാരക്കര: റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കമായി. കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ട്, തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി മൂന്ന് ദിനങ്ങളിലായിട്ടാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തശേഷം ഗവ. ഹയ‌ർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മൂവായിരം മീറ്റർ നടത്ത മത്സരത്തോടെയാണ് ട്രാക്കുണർന്നത്.

മഴ വില്ലനാകുമെന്ന ആശങ്ക നിലനിന്നതിനാൽ ലോംഗ് ജംബ് ഉൾപ്പടെ ചില മത്സരങ്ങൾ തൃക്കണ്ണമംഗൽ സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. ഉദ്ഘാടന ചടങ്ങ് സമയത്ത് ചാറ്റൽ മഴയുണ്ടായെങ്കിലും പിന്നീട് മാനം തെളിഞ്ഞു. കൃത്യതയോടെ മത്സരങ്ങൾ നടന്നു. ഓട്ടവും ചാട്ടവും ഷോട്പുട്ടുമടക്കം ആവേശകരമായ മത്സരങ്ങളാണ് നടന്നത്.

പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്. ട്രാക്കിൽ കായികതാരങ്ങൾ വേഗത്തിൽ പായുമ്പോൾ കാഴ്ചക്കാരും ആവേശത്തോടെ കൈയടിച്ച് ആവേശം പകർന്നു. മത്സരാർത്ഥികൾക്ക് പുറമെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപക- അനദ്ധ്യാപകരും കായിക പ്രേമികളുമടക്കം വൻ ജനാവലി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഉച്ചവെയിൽച്ചൂടിൽ താരങ്ങളിൽ പലരും വാടിത്തളർന്നു. അവർക്ക് കൃത്യമായ പരിചരണം, ഫസ്റ്റ് എയ്ഡ്, കുടിവെള്ള സൗകര്യങ്ങൾ എന്നിവയൊക്കെ സജ്ജമാക്കിയിരുന്നു.

ഇന്നലെ വൈകിട്ടോടെയാണ് ആദ്യ ദിന മത്സരങ്ങൾ പര്യവസാനിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ട്രാക്കുകൾ വീണ്ടും ഉണരും. നാളെ വൈകിട്ട് 3.30ന് സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനദാനം നിർവഹിക്കും.