nadarajan

കൊട്ടാരക്കര: എൺപതിന്റെ നിറവിലും എസ്.നടരാജന് ട്രാക്ക് ഉണർന്നാൽ ചെറുപ്പമാകും. കോട്ടാത്തല പണയിൽ പാവക്കാട്ട് വീട്ടിൽ (ശാലു നിവാസ്) എസ്.നടരാജൻ കുട്ടിക്കാലം മുതൽ കായിക ലോകത്ത് സജീവമാണ്. പഠനകാലത്ത് ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഓട്ടം, ലോംഗ് ജംപ് മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്.

1966ൽ തൊടിയൂർ എസ്.പി.എസ്.എസ് യു.പി സ്കൂളിൽ കായികാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് പി.എസ്.സി വഴി 1970ൽ ശാസ്താംകോട്ട ഗവ. ഹൈസ്കൂളിൽ കായികാദ്ധ്യാപകനായി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിച്ചു. ആതിഥേയരായ കൊട്ടാരക്കര ഗവ. ഹയ‌ർ സെക്കൻഡറി സ്കൂളിൽ നിന്നാണ് 2001ൽ വിരമിച്ചത്. കാകിയാദ്ധ്യാപകനായി ജോലി ചെയ്ത വേളയിലെല്ലാം തന്റെ വിദ്യാർത്ഥികൾക്ക് നല്ല നിലയിൽ പരിശീലനം നൽകാൻ നടരാജന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മിക്ക മേളകളിലും സമ്മാനവും ഈ കുട്ടികൾക്ക് ലഭിച്ചു. സർവീസ് തുടങ്ങിയ കാലം മുതൽ ഇന്നുവരെയുള്ള എല്ലാ കായിക മേളകളിലും നടരാജന്റെ സാന്നിദ്ധ്യമുണ്ട്.

സർവീസ് കാലയളവിൽ സംഘാടകനായിരുന്നെങ്കിൽ ഇപ്പോൾ കാഴ്ചക്കാരനായി മുന്നിലുണ്ട്. കേരളോത്സവമടക്കം വിവിധ മത്സരങ്ങളിൽ വിധികർത്താവായി ഇപ്പോഴും പോകാറുമുണ്ട്. എൺപത് വയസ് പിന്നിടുമ്പോഴും കൃത്യമായ വ്യായാമവും ആരോഗ്യ ശീലങ്ങളും നടരാജനെ കൂടുതൽ ഉഷാറാക്കുകയാണ്. ഇന്നലെ രാവിലെ മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ നടരാജൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.