photo
മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്ന കരുനാഗപ്പള്ളി ടൗണിലെ ഓടകൾ

കരുനാഗപ്പള്ളി: ഒരുവശത്ത് ദേശീയപാതയുടെ വികസനം തകൃതിയായി നടക്കുന്നു. മറുവശത്ത് ടൗണിൽ നിർമ്മിക്കുന്ന ഓടകൾ മാലിന്യംകൊണ്ട് നിറയുന്നു. ദേശീയപാതയുടെ ഇരു വശങ്ങളിലുമാണ് ഓടകൾ നിർമ്മിക്കുന്നത്. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പായി തന്നെ ഓടയുടെ നിർമ്മാണം തുടങ്ങിയിരുന്നു. എന്നാൽ ഒച്ചിഴയും വേഗത്തിലാണ് നിർമ്മാണം. ഓടകൾക്ക് പരസ്പര ബന്ധമില്ലാത്ത രീതിയിലാണ് ഇപ്പോൾ. മഴ വെള്ളത്തിന് ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതിനാൽ വെള്ളം ഓടയിൽ തന്നെ കെട്ടി നിൽക്കുന്നു.

ദുർഗന്ധം അസഹനീയം

ഓടയ്ക്ക് മൂടിയില്ലാത്ത സ്ഥലങ്ങളിൽ കടകളിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഓടയിൽ തള്ളുന്നുമുണ്ട്. മഴ വെള്ളത്തിൽ കലർന്ന മാലിന്യങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന ദുർഗന്ധം സഹിക്കാനാവാതെ പൊറുതിമുട്ടുകയാണ് നാട്ടുകാ‌ർ. ദേശീയപാതയിലൂടെ മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്. ദേശീയ പാതയോരങ്ങളിൽ കാമറകൾ ഇല്ലാത്തതിനാൽ ആരാണെന്ന് കണ്ടെത്താനും പ്രയാസം.

മഴയത്ത് നഗരം വെള്ളക്കെട്ടിൽ

ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ഓടയുടെയും സർവീസ് റോഡിന്റെയും നിർമ്മാണം പൂർത്തീകരിക്കണമെന്ന് ജനപ്രതിനിധികൾ നാഷണൽ ഹൈവേ കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിരവധി തവണ യോഗങ്ങളും നടത്തി. എന്നാൽ തീരുമാനങ്ങൾ കടലാസിൽ ഒതുങ്ങി. പണി പൂർത്തിയാകാത്ത ഓടകൾ നിലവിലുള്ള റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്നതിനാൽ റോഡിന്റെ വശങ്ങളിലുള്ള വീടുകളിലേക്ക് വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. പലരും വാഹനങ്ങൾ രാത്രിയിൽ റോഡിലാണ് പാർക്ക് ചെയ്യുന്നത്. ദേശീയപാതയുടെ വശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ഓടയുടെ നിർമ്മാണം അനന്തമായി നീളുന്നതിനാൽ മഴയത്ത് നഗരം വെള്ളക്കെട്ടായി മാറും.