കൊട്ടാരക്കര: ഓട്ടത്തിലും ചാട്ടത്തിലും പരിക്കേറ്റാലുടൻ ആയുർവേദ ചികിത്സാ സംവിധാനവുമായി സ്പോ‌ട്സ് ആയുർവേദ പ്രവർത്തകർ. ഇന്നലെ രാവിലെ മൂന്ന് ഡോക്ടർമാരാണ് സജ്ജരായി നിന്നത്. ഇരുപതിലധികം കായികതാരങ്ങൾ ചികിത്സ തേടി. കാലിനും കൈയ്ക്കുമുണ്ടാകുന്ന പരിക്കുകളും പേശി വലിയലുമടക്കമുള്ള പ്രശ്നങ്ങൾക്കാണ് പരിചരണം നൽകുന്നത്. ജില്ലാ ആയുർവേദ ആശുപത്രിയുടെ ഭാഗമായ സ്പോർട്സ് ആയുർവേദ വിഭാഗത്തിലെ മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണു.ബി.ചന്ദ്രൻ, ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ആർ.സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കായികതാരങ്ങളെ പരിചരിക്കാൻ സംവിധാനമൊരുക്കിയിട്ടുള്ളത്. മാനസിക പിരിമുറുക്കമുള്ള കുട്ടികൾക്കും പ്രത്യേക പരിചരണം ലഭിക്കുന്നുണ്ട്. ഇന്നും നാളെയും കായിക മേളയിൽ സ്പോട്സ് ആയുർവേദ വിഭാഗത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.