കൊല്ലം: ജില്ലയിലെ യുവജനങ്ങൾക്ക് മികച്ച കരിയർ ഒരുക്കുന്നതിന് പിന്തുണ നൽകാൻ വിവിധ സർക്കാർ മിഷനുകളുടെയും വകുപ്പുകളുടെയും നൈപുണ്യ പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നാളെ കരിയർ എക്സ്പോ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

രാവിലെ 8.30ന് ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ ക്യാമ്പസിലാണ് എക്‌സ്‌പോ. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്.

കരിയർ സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, കരിയർ സ്റ്റാളുകൾ, തൊഴിൽമേള എന്നിവയാണ് പ്രധാന ആകർഷണം. കേരള നോളജ് ഇക്കോണമി മിഷന്റെ പിന്തുണയോടെ കുടുംബശ്രീ ജില്ലാ മിഷനാണ് എക്‌സ്‌പോയുടെ സംഘാടന ചുമതല. അസാപ്, കെസ്, കെ-ഡിസ്‌ക്, വൈ.ഐ.പി പ്രോഗ്രാം, ഒഡ്യൂപെക്, നോർക്കാ റൂട്ട്സ്, ടെക്നോപാർക്ക് എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.
ബാങ്കിംഗ്, മെഡിക്കൽ ആൻഡ് പാരാമെഡിക്കൽ, ടെക്നിക്കൽ, ഡിസൈനിംഗ്, ഇലക്ട്രോണിക്സ്, അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിംഗ്, മാനുഫാക്ചറിംഗ്, മാർക്കറ്റിംഗ്, ഐ.ടി എന്നിങ്ങനെ വിവിധ സെക്ടറുകളിലെ 15 ലധികം നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ, 50ൽ അധികം തൊഴിൽദാതാക്കൾ തുടങ്ങിയവർ എക്സ്പോയിൽ പങ്കെടുക്കും.