കൊട്ടാരക്കര: അച്ഛന്റെ സാമീപ്യം ധൈര്യമാക്കി ഷോട്ട് പുട്ട് കൈയിലെടുത്ത് അഭിഷ ദത്ത് എറിഞ്ഞു, ചെന്നുവീണത് ഒന്നാം സ്ഥാനത്ത്. കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി അഭിഷ ദത്തിന്റെ കായിക മേളയിലെ വിജയം മാതാപിതാക്കളുടെ വിജയങ്ങളുടെ തുടർച്ചയുമായി. അത്‌ലറ്റിക് മീറ്റിൽ പതിനാറ് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജംപിലും 1.35 മീറ്റർ ഉയരത്തിൽ ചാടി ഒന്നാം സ്ഥാനം അഭിഷ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഷോട്ട് പുട്ടിനും ഡിസ്കസ് ത്രോയിലും സംസ്ഥാന തല ജേതാവായിരുന്നു. കടവൂർ ഇരുപ്പറയിൽ അജിത്ത്- അനുഷമോൾ ദമ്പതികളുടെ മകളാണ്. ചെന്നൈയിൽ സ്വകാര്യ കമ്പനിയിലെ എൻജിനിയറായ അച്ഛൻ സ്കൂൾ പഠനകാലത്ത് അറിയപ്പെടുന്ന കായികതാരമാണ്. ചെന്നൈയിൽ കോളേജ് പഠനകാലത്ത് കായിക മേളയിൽ ചാമ്പ്യനായിരുന്നു. സംസ്ഥാന കായിക മേളയിലും പങ്കെടുത്തിട്ടുണ്ട്. ഷോട്ട് പുട്ടിലാണ് കൂടുതൽ മികവ് കാട്ടിയിട്ടുള്ളത്. അമ്മ ജില്ലാ ആശുപത്രിയിലെ നഴ്സായ അനുഷമോൾ 1998 മുതൽ 2002വരെ സ്കൂൾ കായിക മേളയിലെ മിന്നും താരമായിരുന്നു. ഹൈജംപ്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുമുണ്ട്. സഹോദരൻ അഭിനവ് ദത്തും കായിക താരമാണ്.