കൊട്ടാരക്കര: ഗുരുവിന്റെ സ്ഥലം മാറ്റം അവർക്ക് പ്രശ്നമായില്ല, കൂടെപ്പോയി പഠിച്ചു. മൂന്ന് ശിഷ്യർക്കും ഒന്നാം സമ്മാനം. ഷോട്ട് പുട്ടിൽ സീനിയർ വിഭാഗത്തിൽ കാർത്തികേയനും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അമീലും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അഭിഷ ദത്തും ജേതാക്കളായപ്പോൾ കോച്ച് ജയകുമാറിന് മൂന്നിരട്ടി സന്തോഷം. സ്പോർട്സ് കൗൺസിൽ കോച്ചായ ജയകുമാറിനെ ആറ് മാസം മുമ്പ് തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്കൂൾ പഠന സമയം കഴിഞ്ഞാൽ കൃത്യമായി പരിശീലനത്തിൽ പങ്കെടുത്തിരുന്ന കാർത്തികേയനും അമീലിനും അഭിഷ ദത്തിനും ഇത് ഉൾക്കൊള്ളാൻ പറ്റിയില്ല. എന്നാൽ ജയകുമാർ അവരെ പരിശീലിപ്പിക്കാമെന്ന് ഏറ്റു. അതോടെ കാതങ്ങൾ താണ്ടി കുട്ടികൾ ബസിൽ കോച്ചിന്റെ അടുത്തെത്തിയാണ് പരിശീലനം നടത്തിയത്. കൃത്യമായ പരിശീലനത്തിൽ പ്രതീക്ഷകളോടെ മത്സരിക്കാനെത്തി. മൂന്നുപേരും ജേതാക്കളുമായി.