കൊല്ലം: എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേർ പിടിയിലായി. കിഴവൂർ ഫൈസൽ വില്ലയിൽ ഫൈസൽ (29), കരീപ്ര കുഴിമതിക്കാട് മാവിള വീട്ടിൽ വിപിൻ (32), കണ്ണൂർ ചെമ്പിലോട് ആരതിയിൽ ആരതി (30), കിളികൊല്ലൂർ പ്രഗതി നഗർ 51 മുന്നാസിൽ ബിലാൽ (35), കല്ലുവാതുക്കൽ പാമ്പുറം എസ്.എസ് ഭവനിൽ സുമേഷ് (26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ഒന്നാം പ്രതി ഫൈസൽ ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 4.37 ഗ്രാം എം.ഡി.എം.എയും രണ്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തത്. ബിലാലും ആരതിയും ചേർന്നാണ് ലഹരിമരുന്ന് ജില്ലയിലെത്തിച്ചിരുന്നത്. ആരതിയുടെ പക്കൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
ബിലാലും ആരതിയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവർക്കുമെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എറണാകുളത്തും കേസ് നിലവിലുണ്ട്. ഫൈസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഈ സമയം കേസിൽ പിടിയിലായവരെല്ലാം ഫൈസലിന്റെ വീട്ടിലുണ്ടായിരുന്നു. നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടും വിവിധപ്രദേശങ്ങളിൽ വിൽപ്പനയ്ക്കായും എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കൊട്ടിയം ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഒമാരായ സജു, സീനു, മനു, സി.പി.ഒമാരായ പ്രവീൺചന്ദ്, സന്തോഷ്‌ലാൽ, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.