കൊല്ലം: അമിത വേഗത്തിൽ മൂന്നു യുവാക്കൾ സഞ്ചരിച്ച ബൈക്ക്, റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ ഇടിച്ചുവീഴ്ത്തി. ബൈക്കിലുണ്ടായിരുന്നവർ തെറിച്ചുവീണു. അഞ്ചുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9ഓടെ പള്ളിമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. തൊട്ടടുത്ത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ബൈക്കിടിച്ചത്. റോഡ് വക്കിൽ നിൽക്കുകയായിരുന്ന ഇവർ വാഹനങ്ങൾ കുറഞ്ഞതോടെ, റോഡ് മറികടക്കാൻ തുടങ്ങി. പാതി ഭാഗത്തെത്തിയപ്പോൾ ഇവർക്ക് കടന്നുപോകാനായി കൊല്ലം ഭാഗത്ത് നിന്നു വന്ന കാർ വേഗം കുറച്ചു. ഇതിനിടെ കാറിന് പിന്നിൽ നിന്നു ചീറിപ്പാഞ്ഞെത്തിയ ബൈക്ക് വിദ്യാർത്ഥിനികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഒരു പെൺകുട്ടിയുടെ കാലിനുണ്ടായ പരിക്ക് ഗുരുതരമാണ്.
ബൈക്കിലുണ്ടായിരുന്നത് സ്കൂൾ വിദ്യാർത്ഥികളാണെന്ന് സംശയിക്കുന്നു. വിദ്യാർത്ഥിനികളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇരവിപുരം പൊലീസ് പറഞ്ഞു.