ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ നടക്കുന്ന കൊല്ലം സഹോദയ കലോത്സവത്തിൽ ആദ്യദിനത്തിൽ അൻപതോളം ഇനങ്ങൾ പൂർത്തിയായപ്പോൾ 457പോയിന്റോടെ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മുന്നിലെത്തി. 358 പോയിന്റോടെ തിരുവനന്തപുരം സർവോദയ സ്കൂളും, 324 പോയിന്റോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഒൻപത് സ്റ്റേജുകളിൽ നാല് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. രാവിലെ നടന്ന തിരുവാതിര, മാർഗംകളി, ഏകാംഗനാടകം, ദേശഭക്തിഗാനം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിൽ അഞ്ചൽ സെന്റ് ജോൺസ് ഒന്നാം സ്ഥാനം നേടി. സമൂഹഗാനത്തിൽ സർവോദയ സ്കൂൾ ഒന്നാം സ്ഥാനം നേടി. മത്സരം നാളെ രാവിലെ തുടരും. ശനിയാഴ്ച വൈകിട്ട് സമാപിക്കും.