പുനലൂർ ടി.ബി.ജംഗ്ഷൻ ,പാപ്പന്നൂർ-ഇടമൺ സത്രം റോഡിൻെറ പാർശ്വഭിത്തി ഇടിഞ്ഞ് വീണ നിലയിൽ
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ സമാന്തര റോഡായ ഇടമൺ സത്രം -പാപ്പന്നൂർ-പുനലൂർ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു. യാത്രക്കാർ ആശങ്കയിൽ. മൈലയക്കൽ വാർഡിലെ മുറിയന്തല ഭാഗത്താണ് റോഡും റോഡിന്റെ പാർശ്വഭിത്തിയും ഇടിഞ്ഞ് അപകടഭീഷണിയിലായത്. മൂന്ന് വർഷം മുമ്പ് 9 കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച പാതയുടെ വശമാണ് ഇടിഞ്ഞത്. പാതയോരം കഴിഞ്ഞ വർഷം നേരിയ തോതിൽ ഇടിഞ്ഞ് ഇറങ്ങിയെങ്കിലും സംരക്ഷണ ഭിത്തി കെട്ടി റോഡ് ബലപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. അതാണ് മഴ പെയ്തതോടെ റോഡിന്റെ വശം കൂടുതൽ ഇടിഞ്ഞ് 15 അടി താഴ്ചയിൽ വീണത്.
സ്വകാര്യ ബസ് സർവീസുകൾക്ക് പുറമെ മറ്റ് നിരവധി വാഹനങ്ങളും കടന്ന് പോകുന്ന റോഡിന്റെ വശമാണ് ഇടിഞ്ഞ് വീണത്.
അപകട സൂചനായി ടാർ ബീപ്പകളാണ് നിരത്തി വച്ചിരിക്കുന്നത്. രാത്രിയിൽ എത്തുന്ന വാഹനങ്ങൾക്ക് അടുത്ത് വന്നാൽ മാത്രമേ ടാർ ബീപ്പകൾ കാണാൻ കഴിയൂ.
പാതയോരത്തെ വാട്ടർ അതോറിട്ടിയുടെ കൂറ്റൻ പൈപ്പ് ലൈനുകൾ കടന്ന് പോകുന്ന ഭാഗമാണ് ഇടിഞ്ഞ് നിലം പൊത്തിയത്.
റോഡ് നവീകരണ ജോലികൾക്കൊപ്പം പാതയോരം കെട്ടി ബലപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകാതിരുന്നതും നവീകരണ ജോലികളിലെ അപാകതയുമാണ് റോഡിന്റെ വശം ഇടിഞ്ഞ് വീഴാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഇടിഞ്ഞ് വീണ പാതയോരം കരിങ്കൽ ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ റോഡും ഇടിഞ്ഞ് പോകുന്ന അവസ്ഥയാണ്