പുനലൂർ: നഗരസഭയിലെ മണിയാർ, പരവട്ടം,അഷ്ടമംഗലം ,കേളങ്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ കുടി വെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പുനലൂർ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ ജല അതോറിട്ടിയുടെ അസി.എൻജിനീയറെ പ്രവർത്തകർ ഉപരോധിച്ചു. ആഴ്ചകളായി ജല വിതരണം മുടങ്ങിയതിനെ തുടർന്നുള്ള പണികൾ പൂർത്തിയാക്കി ഉടൻ വെള്ളം എത്തിക്കാമെന്ന് അധികൃതർ നിരവധി തവണ നൽകിയ ഉറപ്പ് പാലിക്കാതിരുന്നതിനെ തുടർന്നാണ് ഉപരോധ സമരം നടത്തിയത്. തുടർന്ന് ഉടൻ പണികൾ പൂർത്തിയാക്കി ജലവിതരണം ആരംഭിക്കാം എന്ന് അസി.എൻജിനീയറുടെ ഉറപ്പിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു. വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനീഷ് അഷ്ടമംഗലം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രൻ, ബിജെ.പി ഏരിയ ജനറൽ സെക്രട്ടറിമാരായ ജീവൻജോൺ ഹോൻട്രി, അജി ഐക്കരക്കോണം തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം സംഘടിപ്പിച്ചത്.