കൊല്ലം: കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനുള്ള മുഴുവൻ തുകയും റെയിൽവേ വഹിക്കുന്നതിനുള്ള ശുപാർശ ദക്ഷിണ റെയിൽവേ അധികൃതർ റയിൽവേ ബോർഡിന് സമർപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെയും പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് രേഖാമൂലം എം.പിക്ക് അറിയിപ്പ് നൽകി.
സ്‌കീം ഫോർ സ്‌പെഷ്യൽ അസിസ്റ്റൻസ് ഫോർ സ്റ്റേറ്റ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് 2024-25ൽ ഉൾപ്പെടുത്തിയാണ്, മുഴുവൻ ചെലവും വഹിക്കാൻ കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചത്. സംസ്ഥാന ഏജൻസിയായ ആർ.ബി.ഡി.സി.കെ പുതുക്കിയ ജി.എ.ഡി സമർപ്പിക്കണം. ജി.എ.ഡി ലഭിച്ചാൽ അംഗീകാരം നൽകാൻ റെയിൽവേ നടപടി സ്വീകരിക്കും.
ദേശീയപാത അതോറിട്ടിയുമായി ചേർന്ന് ജംഗ്ഷൻ അലൈൻമെന്റ് ഏകോപിപ്പിക്കുന്ന പ്രവർത്തനം ആർ.ബി.ഡി.സി.കെ ത്വരിതപ്പെടുത്തണമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി പറഞ്ഞു.