കൊല്ലം: ക്വയിലോൺ ഫുട്ബാൾ അക്കാഡമിയുടെ രണ്ടാം വാർഷികാഘോഷവും സഹായ ഉപകരണ വിതരണവും 20ന് വൈകിട്ട് 4ന് കൊല്ലം ജവഹർ ബാലഭവനിലെ അമ്മ ഓഡിറ്റോറിയത്തിൽ നടക്കും. 20ന് വൈകിട്ട് 3ന് ആശ്രാമം ട്രഷറി ഓഫീസിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ ജില്ലയിലെ കായികതാരങ്ങളും പ്രശസ്ത‌രും പങ്കെടുക്കും. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൽ.അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്ര ചിന്നക്കട ശങ്കേഴ്സ് ആശുപത്രി വഴി സമ്മേളന വേദിയിലെത്തും. തുടർന്ന് ആഘോഷ പരിപാടി കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ വൈ.ഷിബു ഉദ്ഘാടനം ചെയ്യും. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.പ്രദീപ്‌കുമാർ മുഖ്യാതിഥിയാകും. അസി. എക്സൈസ് കമ്മിഷണർ വി.രാജേഷ് ലഹരിവിരുദ്ധ പ്രഭാഷണം നടത്തും. കാലിന് സ്വാധീനമില്ലാത്ത പത്തോളം പേർക്ക് അക്കാഡമിയുടെ ഉയിർപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യമായി പത്ത് വീൽ ചെയറുകൾ നൽകും. സ്വയംതൊഴിൽ സംരംഭത്തിന് ഒരു കുടുംബത്തിന് തയ്യൽ മെഷീൻ നൽകും.

കായിക താരങ്ങളായ വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കും ക്വയിലോൺ ഫുട്ബാൾ അക്കാഡമിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായി സ്നേഹസ്പർശം പദ്ധതിയിലൂടെ ഡയലൈസറും, ട്യൂബും അടങ്ങിയ കിറ്റുകൾ സൗജന്യമായി നൽകും. ജില്ലയിലെ അമ്പതോളം മുതിർന്ന ഫുട്ബാൾ കായിക താരങ്ങൾക്ക് 2024 എവർഗ്രീൻ അച്ചീവ് മെന്റ് അവാർഡ് നൽകി ആദരിക്കും.

പത്രസമ്മേളനത്തിൽ ക്വയിലോൺ ഫുട്‌ബാൾ അക്കാദമി ചെയർമാൻ സിയാദ് ലത്തീഫ്, വൈസ് പ്രസിഡന്റ് ഷിബു മനോഹർ, എക്സി. ഭാരവാഹികളായ ഷിബു റാവുത്തർ, ഗോപകുമാർ എന്നിവർ പങ്കെടുത്തു.