atm

കൊല്ലം: പരവൂരിൽ സ്ത്രീ വേഷത്തിലെത്തി എ.ടി.എം തകർത്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പരവൂർ കുറുമണ്ടൽ ശക്തി ക്ഷേത്രത്തിന് സമീപം ചരുവിള തൊടിയിൽ വീട്ടിൽ കിച്ചു എന്ന രാഹുലാണ് (27) പരവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9ന് രാത്രി 1.45നായിരുന്നു സംഭവം.

പരവൂർ പൂതക്കുളത്തെ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മാണ് തകർക്കാൻ ശ്രമിച്ചത്. എ.ടി.എമ്മും പരിസരവും നിരീക്ഷിച്ച ശേഷം എ.ടി.എമ്മിന് പുറത്തെയും അകത്തെയും ക്യാമറകൾ മറച്ച ശേഷമാണ് എ.ടി.എം. തകർക്കാൻ ശ്രമിച്ചത്. എ.ടി.എമ്മിന്റെ സ്‌ട്രോംഗ് റൂമും ലോക്ക് സംവിധാനവും തകർത്തിട്ടും പണം എടുക്കാൻ സാധിച്ചില്ല.

തുടർന്ന് മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബാങ്ക് അധികൃതർ പരവൂർ പൊലീസിൽ പരാതി നൽകി. പൊലീസ് മറ്റ് സി.സി ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മുൻ ബാർ ജീവനക്കാരനായ രാഹുലാണ് മോഷണശ്രമത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

സംഭവശേഷം പരവൂരിൽ നിന്ന് നാടുവിട്ട ഇയാൾ കൊട്ടാരക്കരയിലെ ഹോട്ടലിൽ ജോലിചെയ്യുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പരവൂർ പൊലീസ് കൊട്ടാരക്കരയിലെത്തി പ്രതിയെ അറസറ്റ് ചെയ്യുകയായിരുന്നു. പരവൂർ എസ്.എച്ച്.ഒ ഡി.ദീപു, എസ്. ഐ വിഷ്ണു സജീവ്, സി.പി.ഒമാരായ സച്ചിൻ, സലാഹുദ്ദീൻ, നെൽസൺ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.