
കൊല്ലം: അഞ്ചലിൽ അയൽവാസിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവ്. ഇടമുളയ്ക്കൽ വില്ലേജിൽ തടിക്കാട് വായനശാല മുക്കിൽ താന്നിവിള വീട്ടിൽ റഹീം (56), ഇയാളുടെ സഹോദരനായ ഷെരീഫ് (48) എന്നിവരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി -അഞ്ച് ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
വഴിതർക്കത്തെ തുടർന്ന് പ്രതികളുടെ അയൽ വാസിയായ അഞ്ചൽ തടിക്കാട് നാസിലാ മൻസിലിൽ ഇക്ബാലിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലാണ് പത്ത് വർഷം തടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2017 സെപ്തംബർ രണ്ടിന് രാത്രി ഒൻപതിനായിരുന്നു സംഭവം. സംഭവ ദിവസം രാത്രി കുടുംബ വീട്ടിൽ പോയി മാതാപിതാക്കളെ കണ്ട് മടങ്ങിവന്ന ഇക്ബാലിനെ പ്രതികൾ തടഞ്ഞുനിർത്തുകയും തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടയിൽ ഇക്ബാലിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്നുമാണ് കേസ്.
അഞ്ചൽ എസ്.ഐ പി.എസ്.രാജേഷ് രജിസ്റ്റർ ചെയ്ത കേസ് അഞ്ചൽ സി.ഐ എ.അഭിലാഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാറും ഹാജരായി.