കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വച്ച് ഹൗസ് സർജനായ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിലെ സാക്ഷിവിസ്താരം ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചു. പ്രതിയുടെ മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് വിചാരണക്കോടതി സാക്ഷിവിസ്താരം നിറുത്തിവച്ചത്. ദൃക്‌സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിന്റെ സാക്ഷിവിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. പ്രതിയുടെ മാനസികനില മുമ്പ് പരിശോധിച്ചിരുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവിൽ പ്രോസിക്യൂഷന് ആശങ്കയില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കൽ വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷിവിസ്താരം ആരംഭിക്കാൻ പ്രോസിക്യൂഷൻ തയ്യാറാണെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. വിചാരണ നടപടികൾക്കായി പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. കേസ് 30ന് വീണ്ടും പരിഗണിക്കും.