കൊട്ടാരക്കര: കൗമാര പ്രതി​ഭകളുടെ കരുത്തളന്ന റവന്യു ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇന്ന് വൈകിട്ട് കൊടിയിറങ്ങും. 3.30ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയാകും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ സമ്മാനദാനം നിർവഹിക്കും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ പി.കെ. ജോൺസൺ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, ഡി.ഇ.ഒ സി.എസ്.അമൃത, എ. മിനികുമാരി, ജേക്കബ് വർഗീസ്, ജി.സുഷമ, അനിൽ അമ്പലക്കര, ഒ. ബിന്ദു, ആർ.നിഷ, ബി. ശശിധരൻ പിള്ള, പി.കെ. വിജയകുമാർ, എ.ആർ. മുഹമ്മദ് റാഫി, കെ.സജിലാൽ എന്നിവർ സംസാരിക്കും.

ഫ്രൈഡ് റൈസും ചിക്കനും

കായിക മേളയ്ക്ക് അനുവദിച്ച തുക കുറവാണെങ്കിലും ഭക്ഷണക്കാര്യത്തിൽ സംഘാടകർ പിന്നോട്ട് പോയിട്ടില്ല. ഉച്ചയൂണ് ആദ്യദിനം വെജിറ്റിറേയനായിരുന്നു. ഇന്നലെ മുട്ട ബിരിയാണിയാണ് പ്ളാൻ ചെയ്തിരുന്നതെങ്കിലും നടന്നില്ല. തുടർന്ന് സാമ്പാറും പുളിശേരിയും അവിയലും തോരനും അച്ചാറും വിളമ്പിയ കൂട്ടത്തിൽ പുഴുങ്ങിയ മുട്ടകൂടി നൽകി അഡ്ജസ്റ്റ് ചെയ്തു. ഇടയ്ക്ക് അര മണിക്കൂർ ചോറ് തീർന്നതിനാൽ ഭക്ഷണ വിതരണം നിറുത്തിവച്ചത് കല്ലുകടി​യായി​. ഇന്ന് ഫ്രൈഡ് റൈസും ചിക്കൻ കറിയും നൽകാനാണ് തീരുമാനം. മത്സരാർത്ഥികൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഭക്ഷണം നൽകുന്നുണ്ട്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 5000 രൂപയുടെ വർദ്ധനവ് ഭക്ഷണ കമ്മിറ്റിയ്ക്ക് വകയിരുത്തിയിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണം കൂടിയത് കണക്കാക്കിയില്ലെന്നാണ്കമ്മിറ്റിക്കാരുടെ പരാതി.