t
പാരി​പ്പള്ളി​ ഇ.എസ്.ഐ ആശുപത്രി​ കെട്ടി​ടം

കൊല്ലം: മേൽക്കൂര ചോർന്നൊലിച്ച് ഭിത്തികളാകെ നനഞ്ഞു കുതിർന്ന് ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് വളപ്പിലുള്ള ഇ.എസ്.ഐ ഡിസ്പൻസറി കെട്ടിടം. അറ്റകുറ്റപ്പണി നടത്തണമെന്ന വർഷങ്ങളായുള്ള ആവശ്യത്തി​ന് അധി​കൃതർ ചെവി​കൊടുക്കുന്നി​ല്ല.

മെഡിക്കൽ കോളേജായി മാറുന്നതിന് മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന ഇ.എസ്.ഐ ആശുപത്രിയുടെ പഴയ ക്യാന്റീനിലാണ് ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ പാരിപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഡിസ്പൻസറി ഏഴ് വർഷം മുൻപാണ് മെഡിക്കൽ കോളേജ് വളപ്പിലേക്ക് മാറ്റിയത്. മഴ പെയ്താൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ വെള്ളം കെട്ടുന്നത് പതിവാണ്. കയറാൻ പടിയില്ലാത്തതിനാൽ തുറന്നുവിടാനും നിവൃത്തിയില്ല. ഡിസ്പൻസറി സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലാണെങ്കിലും സ്ഥലവും കെട്ടിടവും ഇ.എസ്.ഐ കോർപ്പറേഷന്റേതാണ്. നിരന്തര പരാതിയെ തുടർന്ന് മൂന്ന് വർഷം മുൻപ് ഇ.എസ്.ഐ കോർപ്പറേഷൻ അധികൃതരെത്തി കെട്ടിടം പരിശോധിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.

ചുറ്റും കാട്, ഇഴജന്തുക്കളും

ഡിസ്പൻസറി കെട്ടിടത്തിന് ചുറ്റും കാടുപി​ടി​ച്ച നി​ലയി​ലാണ്. പാറ കൊണ്ടുള്ള, മതിൽക്കെട്ടിന്റെ അടിസ്ഥാനം താവളമാക്കി ഇഴജന്തുക്കൾ ഡിസ്പൻസറിയി​ലേക്ക് ഇടയ്ക്കിടെ എത്തും. വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ ഓഫീസിലെ ഫയലുകൾക്കിടിയിലേക്ക് ഇഴഞ്ഞുകയറിയ ഇഴ ജന്തു കാർഡ് ബോർഡിനുള്ളിൽ ഒളിച്ചു. മെഡിക്കൽ കോളേജിൽ നിന്നു ജീവനക്കാരെത്തി പിടികൂടുകയായിരുന്നു. പരിസരം വൃത്തിയാക്കാൻ ഇവിടെ പാർട്ട് ടൈം സ്വീപ്പറുടെ തസ്തികയുണ്ടെങ്കിലും രണ്ട് മാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്.

എന്തും സംഭവിക്കാം!

 വാതിലുകളും ജനാലകളും ദ്രവിച്ചു

 കെട്ടിടത്തിലേക്ക് വീഴാറായി മരങ്ങൾ

 ചുറ്റുമതിൽ ഭാഗികമായി തകർന്നു

 ശേഷിക്കുന്ന ഭാഗവും തകർച്ചയുടെ വക്കിൽ

...............................................

ഡിസ്പൻസറി ഇങ്ങനെ

 3 ഡോക്ടർമാർ

 2 നഴ്സുമാർ

 പ്രവർത്തനം രാവിലെ 8 മുതൽ 6 വരെ

 ചികിത്സയ്ക്കെത്തുന്നത് പ്രായമായവർ

കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും പരിസരമാകെ കാടുകയറി കിടക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ

ഇ.എസ്.ഐ ഡിസ്പൻസറി അധികൃതർ