ഓച്ചിറ: ഒരു പരാതി ഉണ്ടെന്നും ഒത്തുതീർപ്പിനായി ഹാജരാകണമെന്നും അറിയിച്ചതനുസരിച്ച് കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാക്കളെ അതിക്രൂരമായി മർദ്ദിച്ചതായി മുഖ്യമന്ത്രിക്ക് പിതാവിന്റെ പരാതി. ആലുംപീടിക സുനിൽഭവനത്തിൽ സുനിലാണ് പരാതിക്കാരൻ. മക്കളായ ദേവേന്തു, രാഹുൽ എന്നിവരെ പൊലീസ് മർദ്ദിച്ചെന്നും മർദ്ദനമേറ്റതിന്റെ മാനസികാഘാതത്തിൽ വിഷം കഴിച്ച ദേവേന്തു കൊല്ലന്റെ സ്വകാര്യ മെഡിക്കൽ കോളേജിൽ എെ.സി.യുവിൽ ചികിത്സയിലാണെന്നും പരാതിയിൽ പറയുന്നു. 15ന് രാവിലെ 10ന് സ്റ്റേഷനിൽ എത്തിയവരെ ഉച്ചയ്ക്ക് 2നാണ് വിളിച്ചത്. അപ്പോഴാണ് ഓച്ചിറ കാളകെട്ടുത്സവം കണ്ടുമടങ്ങിയവരെ ഓച്ചിറ പൊലീസ് സ്റ്റേഷൻ അതിർത്തിയായ ഇടയനമ്പലത്തിൽ വെച്ച് മർദ്ദിച്ചതാണ് കേസെന്ന് അറിഞ്ഞത്. വിവരങ്ങൾ അന്വേഷിച്ച സബ് ഇൻസ്പെക്ടർ എഴുതിവെച്ചിട്ട് പോകാൻ നിർദ്ദേശിച്ചു. തുടർന്ന് കണ്ടാലറിയാവുന്ന നാല് പൊലീസുകാർ രണ്ടുപേരെയും അകത്തേക്ക് കൂട്ടികൊണ്ടുപോയി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റു താഴെ വീണവരെ ചവിട്ടുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. ഇതിലുള്ള മാനസിക വിഷമത്തിലാണ് ദേവേന്തു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മർദ്ദിച്ച് അവശരാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.