കൊല്ലം: പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ കെട്ടിടം തകർന്ന് വീഴും മുൻപേ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാരം പൊലീസ് ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു. ബ്രട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടം തകർച്ചയുടെ വക്കിലാണെന്നതിന് പുറമേ അടച്ചുറപ്പില്ലാത്ത അവസ്ഥയിലുമാണ്.
സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ എം. മുകേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ ധാരണയായിട്ടുണ്ട്. നിർമ്മാണം ആരംഭിക്കുമ്പോൾ സ്റ്റേഷൻ താത്കാലികമായി മാറ്റി സ്ഥാപിക്കണം. അതുവരെ കാത്തിരിക്കാതെ എത്രയും വേഗം സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പുതിയ കെട്ടിടത്തിന് ഒരു കോടി നൽകും: എം. മുകേഷ് എം.എൽ.എ
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകാൻ ധാരണയായിട്ടുണ്ടെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സിറ്റി പൊലീസ് അധികൃതർ രൂപരേഖ അംഗീകരിച്ച് കളക്ടർക്ക് കൈമാറിയാൽ പദ്ധതിക്ക് ഭരണാനുമതിയാകും. നിർമ്മാണം വേഗത്തിലാക്കാനും ശക്തമായ ഇടപെടൽ തുടരുമെന്ന് എം.എൽ.എ പറഞ്ഞു.
.................................
പള്ളിത്തോട്ടം സ്റ്റേഷൻ താത്കാലികമായി മാറ്റി സ്ഥാപിക്കാൻ കെട്ടിടത്തിനായി പൊലീസ് ഉദ്യോഗസ്ഥരെപ്പോലെ ജന പ്രതിനിധികളും അന്വേഷണത്തിലാണ്. വളരെ ചുരുങ്ങിയ സ്റ്റേഷൻ പരിധിക്കുള്ളിൽ തന്നെ കെട്ടിടം കണ്ടെത്തേണ്ടതുണ്ട്. പൊതുജനങ്ങളും ഇക്കാര്യത്തിൽ സഹകരിക്കണം
എൻ. ടോമി (കോർപ്പറേഷൻ പള്ളിത്തോട്ടം കൗൺസിലർ)
......................................
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. പരാതിയുമായി എത്തുന്ന ജനങ്ങളപ്പോലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ പൊലീസ് ഉദ്യോഗസ്ഥരും കടുത്ത ബുദ്ധിമുട്ടിലാണ്. നിലവിലുള്ള സ്ഥലത്ത് തന്നെ പുതിയ കെട്ടിടം നിർമ്മിക്കാൻ എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു പണം അനുവദിക്കാൻ ധാരണയായിട്ടുണ്ട്. രൂപരേഖ അന്തിമമാക്കി എത്രയും വേഗം പുതിയ കെട്ടിടം നിർമ്മിക്കുമെന്നാണ് പ്രതീക്ഷ
സി. വിമൽകുമാർ (ജില്ലാ സെക്രട്ടറി, കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി)