
കൊല്ലം: കാഷ്യൂ കോർപ്പറേഷനിൽ 500 തൊഴിലാളികളെ കൂടി പുതുതായി നിയമിക്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കട്ടിംഗ്, പീലിംഗ്, ഗ്രേഡിംഗ് വിഭാഗത്തിലാണ് നിയമനം. 2025 ജനുവരിയിൽ നടപടികൾ പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്.
തോട്ടണ്ടി കട്ടിംഗ് രംഗത്ത് പരിശീലനം ഉള്ളവർക്കാണ് മുൻഗണന. ഫാക്ടറിയിൽ സ്‌കിൽ ടെസ്റ്റ് നടത്തി മികവുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. പുതുതായി ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോർപ്പറേഷന്റെ ഫാക്ടറികളിൽ ഒരു മാസം പ്രത്യേക പരിശീലനവും നൽകും. ദീപാവലി പ്രമാണിച്ച് കാഷ്യു കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ഗിഫ്റ്റ് ബോക്സ് ചെയർമാൻ എസ്. ജയമോഹൻ ഡയറക്ടർ ബോർഡ് അംഗം ഡോ. ബി.എസ്. സുരന് നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെയർമാൻ എസ്. ജയമോഹൻ, മാനേജിംഗ് ഡയറക്ടർ കെ. സുനിൽ ജോൺ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ജി. ബാബു, ബി. സുജീന്ദ്രൻ, അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ, സജി ഡി.ആനന്ദ്, ബി. പ്രതീപ് കുമാർ, ഡോ. ബി.എസ്. സുരൻ എന്നിവർ പങ്കെടുത്തു.