കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിൽ 29ന് വിധി പറയും. ഇന്നലെ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷമാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ വിധി പറയുന്ന തീയതി നിശ്ചയിച്ചത്.

യു.എ.പി.എ നിലനിൽക്കില്ലെന്ന് നേരത്തെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. യു.എ.പി.എ ചുമത്തുന്നതിനുള്ള നടപടി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെന്നാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത്. പ്രോസിക്യൂഷൻ ഇന്നലെ യു.എ.പി.എ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കിയതായി രേഖകൾ ഹാജരാക്കി വാദിച്ചു. 2016 ജൂൺ 15ന് കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്. മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായ അബ്ബാസ് അലി (32), ദാവൂദ് സുലൈമാൻ (27), കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരാണ് പ്രതികൾ. ഇതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തത്.

സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പിൽ ബോംബ് വച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. സംഭവം അന്വേഷിച്ച കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘമാണ് പ്രതികളെ പിടികൂടിയത്.