കൊല്ലം: കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാർക്കിലെ (എം.ജി പാർക്ക്) ഹൈമാസ്റ്റ് ലൈറ്റ് മിഴയടിച്ചിട്ട് ആഴ്ചകളായെങ്കിലും നടപടിയെടുക്കാതെ അധികൃതർ. പാർക്ക് നിലവിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും ഇവിടത്തെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളിലെ വെളിച്ചമായിരുന്നു രാത്രിയിൽ ബീച്ചിലെത്തിയിരുന്നവർക്ക് ആശ്രയമായിരുന്നത്.
പാർക്ക് മുൻപ് ഏറ്റെടുത്ത് നടത്തിയിരുന്ന കരാറുകാരൻ വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാൽ കെ.എസ്. ഇ.ബി കണക്ഷൻ കട്ട് ചെയ്തതോടെ ഹൈമാസ്റ്റ് ലൈറ്റുകൾ അണയുകയായിരുന്നു. ലൈറ്റുകൾ കത്താതായതോടെ ബീച്ചിലെത്തുന്നവർക്ക് മതിയായ വെളിച്ചം ലഭിക്കാത്ത സ്ഥിതിയാണ്. ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തും പാർക്കിന് മുന്നിലെയും പിന്നിലെയും റോഡുകളിലും ഇരുട്ടാണ്.
പാർക്കിന് മുന്നിലെ തകർന്ന റോഡിലുള്ള കുഴികളിൽ വീണ് സന്ദർശകർക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. പാർക്കിൽ നാല് കൺസ്യൂമർ നമ്പറുകളിലായി 80,000 രൂപയ്ക്കടുത്താണ് മുൻ കരാറുകാരൻ കുടിശ്ശിക വരുത്തിയത്. പാർക്കിനുള്ളിലെ ഹൈമാസ്റ്റ് ലൈലറ്റുകൾ ബീച്ചിലെത്തുന്ന പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയുടെ പരിപാലനം പാർക്കിന്റെ നടത്തണമെന്നാണ് വ്യവസ്ഥ. വിശേഷദിവസങ്ങളിലും അല്ലാത്തപ്പോഴും നൂറുകണക്കിന് ആളുകൾ കുടുംബമായി സമയം ചെലവിടാനെത്തുന്ന സ്ഥലമാണ് ബീച്ചും എം.ജി പാർക്കും.
കടുപ്പിച്ച് കെ.എസ്.ഇ.ബി
കുടിശ്ശിക അടച്ചാൽ മാത്രമേ വൈദ്യുതി പുനസ്ഥാപിക്കു എന്നതാണ് കെ.എസ്.ഇ.ബി നിലപാട്. നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മഹാത്മാഗാന്ധി പാർക്കിലെ വൈദ്യുതി കുടിശ്ശിക കോർപ്പറേഷൻ അടയ്ക്കുകയോ മുൻ കരാറുകാരനിൽ നിന്ന് ഈടാക്കി കെ.എസ്.ഇ.ബിയിൽ അടച്ച് വൈദ്യുതി പുന:സ്ഥാപിക്കുകയോ വേണമെന്നാണ് ആവശ്യം. വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ പാർക്കിനുള്ളിൽ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. പാർക്കിലെ ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തത് ബീള്ള് റോഡിലെ കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്.