t

കൊട്ടാരക്കര: കൊട്ടാരക്കര തൃക്കണ്ണമംഗലിൽ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ അച്ഛനെ മദ്യലഹരിയിൽ മകൻ, തോർത്തുകൊണ്ട് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച ശേഷം മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. തൃക്കണ്ണമംഗൽ ഭൈരവൻകാവ് ദേവീക്ഷേത്രത്തിന് സമീപം അജിത് നിലയത്തിൽ തങ്കപ്പൻ ആചാരിയാണ് (87) കൊല്ലപ്പെട്ടത്. സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ വരാന്തയിൽ കിടന്നിരുന്ന മകൻ അജിത്തിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൊലപാതകം സമ്മതിച്ചു.

ഇന്നലെ രാവിലെയാണ് സംഭവം. റിട്ട അദ്ധ്യാപികയായ ഭാര്യ പൊന്നമ്മ മരിച്ചതോടെ തങ്കപ്പൻ ആചാരിയും അജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്. മകൾ അജിതയുടെ വിവാഹം നേരത്തേ കഴിഞ്ഞു. പ്രവാസിയായിരുന്ന അജിത്ത് നാട്ടിലെത്തി പല ബിസിനസുകളും ചെയ്ത് സാമ്പത്തിക പ്രതിസന്ധിയിലായി. അമിത മദ്യപാനവും സംശയവും മൂലം ദാമ്പത്യബന്ധം നിയമപരമായി വേർപെടുത്തി. അച്ഛനും മകനും വഴക്കുണ്ടാക്കുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ഇരുവരും തമ്മിൽ വാക്കേറ്റവും ഒച്ചപ്പാടും ഉണ്ടായി. തുടർന്ന് രാവിലെ അജിത്ത് തങ്കപ്പനാചാരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തിനെ ഫോണിൽ വിളിച്ച് അച്ഛനെ കൊലപ്പെടുത്തിയതായി അറിയിച്ചു. സുഹൃത്ത് പറഞ്ഞതിനെ തുടർന്ന് അയൽക്കാരും തുടർന്ന് പൊലീസുമെത്തി നടത്തിയ പരിശോധനയിലാണ് അരുംകൊല വ്യക്തമായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. .മകൾ: അജിത