കൊല്ലം: കക്കൂസ് മാലിന്യം ടാങ്കർ ലോറികളിൽ എത്തിച്ച് അഷ്ടമുടിക്കായലിൽ തള്ളുന്നവരെ പിടികൂടി കർശന നടപടി സ്വീകരിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മേയർ.
പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി രാഷ്ട്രീയഭേദമന്യേ ജനകീയ സ്‌ക്വാഡുകൾ രൂപീകരിച്ചായിരിക്കും മാലിന്യം തള്ളുന്നവരെ കണ്ടെത്തുക. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും പിന്തുണ ഇതിന് ഉണ്ടാകണമെന്നും മേയർ പറഞ്ഞു. ആശ്രാമം ശാന്തിനഗർ ഭാഗത്തെ തോട്ടിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നതെന്ന് സ്ഥലം കൗൺസിലർ ഹണി ബഞ്ചമിൻ പറഞ്ഞു. തോടിന് മേൽമൂടി സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല. 1.35 കോടി രൂപ അനുവദിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഹണി ബെഞ്ചമിൻ പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി.കാട്ടിലിന്റെ ആവശ്യത്തെ തുടർന്ന്, കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കോർപറേഷൻ കൗൺസില്‍ അനുശോചനം രേഖപ്പെടുത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ്, കൗൺസിലർ എ. നൗഷാദ് ഉന്നയിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, യു. പവിത്ര, സജീവ് സോമൻ, കൗൺസിലർമാരായ ജി. ഉദയകുമാർ, പുഷ്പാംഗദൻ, ടോമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.