
കൊല്ലം: കോർപ്പറേഷൻ പരിധിയിലെ വളർത്തു നായ്ക്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസറ്റ് നിർവഹിച്ചു. ലൈസൻസ് നൽകി നായ വളർത്തൽ വ്യവസ്ഥാപിതമാക്കാനുള്ള പദ്ധതിക്കും തുടക്കമായി.
വളർത്തു നായ്ക്കളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും ഇത് സഹായകമാകുമെന്ന് മേയർ പറഞ്ഞു. നായ്കളെ പ്രായാന്ത്യത്തിൽ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണതകൾ ഒഴിവാക്കാനും മൈക്രോചിപ്പിംഗ് സംവിധാനം ഉപകരിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ എന്ന സംവിധാനമാണ് മൈക്രോചിപ്പിൽ ഉപയോഗപ്പെടുത്തുന്നത്. നായ്ക്കളുടെ തോൾഭാഗത്ത് പ്രത്യേക ഉപകരണം വഴി ചിപ്പ് ഘടിപ്പിക്കും. പുറത്തുനിന്ന് സ്‌കാനർ വഴി നായ്ക്കളുടെ പേരും ജനുസും ഇനവും നിറവും ഉടമകളെയും മറ്റും മനസ്സിലാക്കാൻ കഴിയുമെന്നതാണ് മൈക്രോചിപ്പിംഗ് സംവിധാനത്തിന്റെ പ്രത്യേകത.
കോർപ്പറേഷനിൽ ആദ്യമായാണ് ചിപ്പിംഗ് നിലവിൽ വരുന്നത്. 250 രൂപയാണ് ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള ഫീസ്. പണം അടച്ചാൽ കോർപ്പറേഷനിലെ മങ്ങാട്, പുന്തലത്താഴം, ശക്തികുളങ്ങര, ഇരവിപുരം, അഞ്ചാലുംമൂട് എന്നീ മൃഗാശുപത്രികളിലും തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും മൈേക്രാചിപ്പ് ഘടിപ്പിക്കാനാകും. ഇതിനായുള്ള പരിശീലനം വെറ്ററിനറി ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ട്. നായ്ക്കൾക്ക് പേവിഷപ്രതിരോധത്തിന് കുത്തിവയ്പ് നൽകിയശേഷമാണ് നഗരസഭ ലൈസൻസ് നൽകുന്നത്. ലൈസൻസ് എടുത്തിട്ടില്ലാത്ത നായ്ക്കളെ ഇനി തെരുവ് നായ്ക്കളുടെ കൂട്ടത്തിലാകും ഉൾപ്പെടുത്തുക. കോർപ്പറേഷൻ പരിധിയിൽ 7,733 വളർത്തുനായ്ക്കളാണുള്ളത്..
ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ യു.പവിത്ര, എസ്. ജയൻ, സജീവ് സോമൻ, എസ്. സവിത ദേവി, സുജാ കൃഷ്ണൻ, കൗൺസിലർമാരായ ഹണി, ജോർജ് ഡി.കാട്ടിൽ, ടി.ജി. ഗിരീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാർ, കൊല്ലം നഗരസഭ വെറ്ററിനറി സർജൻ ഡോ. ചിഞ്ചു ബോസ്, ഡോ. കിരൺ ബാബു, ഡോ. സേതുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.