പുനലൂർ : മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചോഴിയക്കോട് മിൽപ്പാലം പണയിൽ വീട്ടിൽ ജി.അശോകന്റെ മകൻ അബിൻ ആണ് പരിക്കേറ്റത്. വീടിന്റെ മുറ്റത്തെ പൈപ്പിൽ നിന്ന് വെള്ളമെടുക്കുമ്പോഴാണ് മലയാണ്ണാന്റെ ആക്രമണം. കഴുത്തിന്റെ പിൻ വശത്തും മുതുകിലും മുറിവേറ്റു. കഴിഞ്ഞ ദിവസങ്ങളിൽ ഈ മലയാണ്ണാൻ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചതായി പരാതിയുണ്ട്. നാട്ടുകാർ, കുളത്തുപ്പുഴ വനംവകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടാണ് വനപാലകർ പോയത്. പരിക്കേറ്റ അബിൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.